cm

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷ ലക്ഷ്യമാക്കി 3860 കോടി ചെലവിൽ 'സുഭിക്ഷ കേരളം' പദ്ധതി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നടപ്പാക്കും.
വിക്ടേഴ്സ് ചാനലിലൂടെ തദ്ദേശ സ്ഥാപനങ്ങളിലെ ഭാരവാഹികളുമായി സംസാരിക്കവേയാണ് മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി പ്രഖ്യാപിച്ചത്. കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യബന്ധനം എന്നീ മേഖലകളിലായി ഒരു വർഷം കൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്. ബന്ധപ്പെട്ട വകുപ്പുകൾ ഒരുമിച്ചാണ് പദ്ധതി നടപ്പാക്കുക. ജലവിഭവ വകുപ്പും കാർഷികോൽപന്നങ്ങളുടെ മൂല്യവർധനയ്ക്ക് വ്യവസായ വകുപ്പും യോജിച്ച് നീങ്ങും.

* കൃഷി:1449 കോടി
25,000 ഹെക്ടർ തരിശുനിലത്തിൽ കൃഷി. ഓരോ വിഭാഗത്തിലും ഹെക്ടർ പ്രകാരം ഇങ്ങനെ: നെല്ല് -5000 , പച്ചക്കറി 7000, വാഴ 7000 , കിഴങ്ങ് 5000 , പയർവർഗ്ഗങ്ങൾ 500 , ചെറുധാന്യങ്ങൾ 500 .കൂടാതെ പച്ചക്കറിയും കിഴങ്ങുവർഗ്ഗങ്ങളും .

* മൃഗസംരക്ഷണം: 118 കോടി

പതിനായിരം ക്രോസ് ബ്രീഡ് പശു യൂണിറ്റുകൾ .5000 ശുചിത്വമുള്ള കന്നുകാലി ഷെഡുകൾക്ക് സഹായം .പുൽകൃഷിക്ക് പ്രോത്സാഹനം .വാണിജ്യ ക്ഷീരകർഷകർക്ക് യന്ത്രവൽക്കരിച്ച ഇരുനൂറു യൂണിറ്റുകൾ .

*ക്ഷീരവികസനം: 215 കോടി

എല്ലാ പഞ്ചായത്തിലുമായി 8000 ഡയറി യൂണിറ്റുകൾ. 11,000 മൃഗങ്ങളെ കർഷകരുടെ പങ്കാളിത്തത്തോടെ കൊണ്ടുവരും. പാൽ മൂല്യവർധിത ഉല്പന്നങ്ങൾ വർധിപ്പിക്കും. കറവ യന്ത്രങ്ങൾക്ക് സബ്സിഡി കൂട്ടും.

*മത്സ്യബന്ധനം: 2078 കോടി

മൂവായിരം ഹെക്ടർ ഉപ്പുവെള്ള കുളങ്ങളിൽ പേൾ സ്‌പോട്ട് ഫാമിംഗ് യൂണിറ്റുകൾ. ഇതുവഴി 6,000 മത്സ്യത്തൊഴിലാളികൾക്ക് തൊഴിൽ ലഭിക്കും. ഉപ്പുവെള്ളത്തിൽ കൂട്ടിൽ കൃഷി ചെയ്യുന്നതിന് 5000 യൂണിറ്റ് സ്ഥാപിക്കും.12,000 മത്സ്യത്തൊഴിലാളികൾക്ക് തൊഴിൽ. ഒരു യൂണിറ്റിന് ഒരു ലക്ഷം രൂപ ചെലവിൽ പടുതാ കുളത്തിൽ 5000 മത്സ്യകൃഷി യൂണിറ്റുകൾ സ്ഥാപിക്കും. ഇതുവഴി 5000 പേർക്ക് തൊഴിൽ . 14 ജില്ലകളിലും രോഗ നിരീക്ഷണത്തിന് മൊബൈൽ അക്വാ ലാബ് സ്ഥാപിക്കും.

പദ്ധതി വിജയിപ്പിക്കാൻ തദ്ദേശസ്വയംഭരണ തലത്തിലും വാർഡ് തലത്തിലും സമിതികൾ രൂപീകരിക്കും. നിയോജകമണ്ഡല അടിസ്ഥാനത്തിലും സമിതികൾ രൂപീകരിക്കും. മന്ത്രിമാരായ വി.എസ്. സുനിൽകുമാർ, ഇ.പി. ജയരാജൻ, എ.സി. മൊയ്തീൻ, ജെ. മേഴ്സിക്കുട്ടിയമ്മ , ചീഫ് സെക്രട്ടറി ടോം ജോസ്, അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത എന്നിവർ പങ്കെടുത്തു.