തിരുവനന്തപുരം: പുറപ്പെടുന്ന സ്ഥലത്ത് കൊവിഡ് പരിശോധനയ്ക്ക് വിധേയരാകാത്ത പ്രവാസികൾ കേരളത്തിൽ 14 ദിവസം ജില്ലാ ഭരണകൂടം ഒരുക്കുന്ന ക്വാറന്റൈനിൽ കഴിയണം. പുറപ്പെടുന്ന സ്ഥലത്ത് കൊവിഡ് നെഗറ്റീവായി വരുന്നവർ ഏഴ് ദിവസം സർക്കാർ ക്വാറന്റൈനിൽ കഴിഞ്ഞാൽ മതി. ഏഴാം ദിവസത്തെ പരിശോധനയിൽ കൊവിഡ് ലക്ഷണമില്ലെങ്കിൽ വീടുകളിലേക്ക് പോകാം. വീട്ടിൽ ഏഴ് ദിവസത്തെ ക്വാറന്റൈൻ. പോസിറ്റീവായാൽ ആശുപത്രിയിലേക്ക്.ഇതുസംബന്ധിച്ച ആശയക്കുഴപ്പം പരിഹരിച്ച് ഇന്നലെ സന്ധ്യയോടെയാണ് നോർക്ക വകുപ്പിന് വേണ്ടി ചീഫ്സെക്രട്ടറി ടോം ജോസ് തിരുത്തിയ ഉത്തരവിറക്കിയത്. കേന്ദ്രവുമായി ആശയവിനിമയം നടത്തിയാണിത്.ഗർഭിണികളെയും പത്ത് വയസിന് താഴെയുള്ള കുട്ടികളെയും ക്വാറന്റൈനിൽ നിന്നൊഴിവാക്കി വീടുകളിലേക്ക് അയയ്‌ക്കുമെങ്കിലും വീട്ടിൽ 14 ദിവസം ക്വാറന്റൈനിൽ കഴിയണമെന്ന കഴിഞ്ഞ ഉത്തരവിലെ നിർദ്ദേശം മാറ്റിയിട്ടില്ല.തിരിച്ചെത്തുന്നവരെ അതത് ജില്ലകളിലെ സർക്കാർ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്കയക്കും. ഇവർക്ക് തങ്ങളുടെ ജില്ലകളിലേക്കുള്ള യാത്രാസൗകര്യമൊരുക്കുക വിമാനം ഇറങ്ങിയ ജില്ലകളിലെ കളക്ടർമാരായിരിക്കും.കേന്ദ്ര മാർഗനിർദ്ദേശ പ്രകാരം 14 ദിവസത്തെ ക്വാറന്റൈൻ കഴിഞ്ഞേ വീടുകളിലേക്ക് വിടാവൂ. എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസവും ആവർത്തിച്ചത് തിരിച്ചെത്തുന്നവർക്ക് ഏഴ് ദിവസമാണ് സർക്കാർ ക്വാറന്റൈൻ എന്നാണ്.ഇത് ആശയക്കുഴപ്പമുണ്ടാക്കിയതോടെ, ബുധനാഴ്ച രാത്രി കേന്ദ്ര മാർഗനിർദ്ദേശ പ്രകാരം 14 ദിവസത്തെ ക്വാറന്റൈൻ ഉണ്ടാകുമെന്ന് ചീഫ്സെക്രട്ടറിയുടെ ഉത്തരവിറങ്ങി. അതോടെ ആശയക്കുഴപ്പവും മുറുകി. മുഖ്യമന്ത്രി പ്രഖ്യാപിച്ചതിന് വിരുദ്ധമായ ഉത്തരവ് പരിശോധിക്കുമെന്ന് വ്യാഴാഴ്ച രാവിലെ ചീഫ്സെക്രട്ടറി ടോം ജോസ് തന്നെ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഉത്തരവ് സർക്കാർ സൈറ്റുകളിൽ നിന്ന് നീക്കുകയും ചെയ്തു.വിദേശത്ത് നിന്നുള്ള ആദ്യ വിമാനം രാത്രിയിൽ നെടുമ്പാശ്ശേരിയിൽ എത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് വരെയും ഇക്കാര്യത്തിൽ അവ്യക്തതയായിരുന്നു. ഒടുവിൽ സന്ധ്യയോടെ നോർക്ക വകുപ്പ് വ്യക്തത വരുത്തി തിരുത്തിയ ഉത്തരവിറക്കുകയായിരുന്നു.
ആശയക്കുഴപ്പം നോർക്ക വക
തിരുവനന്തപുരം: മടങ്ങിയെത്തുന്ന പ്രവാസികളുടെ ക്വാറന്റൈൻ കാര്യത്തിൽ ആശയക്കുഴപ്പത്തിന് ഇടയാക്കിയത് നോർക്കയുടെ ആശയവിനിമയത്തിലെ പിഴവെന്ന് സൂചന.
പ്രവാസികൾ ഏഴ് ദിവസത്തെ സർക്കാർ ക്വാറന്റൈനിൽ പോയാൽ മതിയെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞതിന് പിന്നാലെയാണ്, രാത്രിയിൽ അതിന് വിരുദ്ധമായി 14 ദിവസം പോകണമെന്ന് നോർക്കയുടെ ഉത്തരവിറങ്ങിയത്. ചീഫ്സെക്രട്ടറിയുടെ പേരിലായിരുന്നു ഉത്തരവെങ്കിലും മടങ്ങിയെത്തുന്നവർ ഏഴ് ദിവസത്തെ ക്വാറന്റൈനിൽ പോയാൽ മതിയെന്നും, തുടർന്ന് പരിശോധനയിൽ രോഗമില്ലെന്ന് കണ്ടാൽ വീടുകളിലേക്ക് ക്വാറന്റൈനിൽ വിടുമെന്നും ഇന്നലെ രാവിലെ മാദ്ധ്യമങ്ങളോട് അദ്ദേഹം തിരുത്തിപ്പറഞ്ഞു. അതോടെ, ആശയക്കുഴപ്പം മൂർച്ഛിച്ചു.ഭൂരിഭാഗം പേരും കൊവിഡ് പരിശോധനയില്ലാതെ വരുന്നതിനാൽ , 14 ദിവസം പ്രത്യേക ക്വാറന്റൈനിൽവിടണമെന്ന കേന്ദ്രനിർദ്ദേശമനുസരിച്ചാണ് നോർക്ക ഉത്തരവിറക്കിയത്. എന്നാൽ, മുഖ്യമന്ത്രി പറഞ്ഞതിന് വിരുദ്ധമായാണ് ഉത്തരവെന്ന് ബോദ്ധ്യപ്പെട്ട ചീഫ്സെക്രട്ടറി,രാത്രി തന്നെ തിരുത്താൻ നിർദ്ദേശിച്ചു. സമയം വൈകിപ്പോയതിനാൽ തിരുത്തൽ ഇന്നലെയാണ് സംഭവിച്ചത്.14 ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ സംബന്ധിച്ച കേന്ദ്രത്തിന്റെ അറിയിപ്പ് മുഖ്യമന്ത്രിയുടെ ബുധനാഴ്ചത്തെ അവലോകനയോഗത്തിന് തൊട്ടു മുമ്പാണ് വന്നതെന്നാണ് വിവരം. ഇക്കാര്യം മുഖ്യമന്ത്രിയുടെയോ കൊവിഡ് പ്രതിരോധ സമിതിയുടെയോ ശ്രദ്ധയിൽപ്പെടുത്തുന്നതിൽ നോർക്ക അധികൃതർവീഴ്ച വരുത്തിയെന്നാണ് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.