thermal-scanner

തിരുവനന്തപുരം: ഗൾഫിൽ നിന്ന് മടക്കിയെത്തിക്കുന്ന പ്രവാസികളെ പരിശോധിക്കാൻ തിരുവനന്തപുരം വിമാനത്താവളത്തിൽ അത്യാധുനിക തെർമൽ കാമറ സ്ഥാപിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന തെർമൽ ആൻഡ് ഒപ്‌റ്റിക്കൽ ഇമേജിംഗ് ഫേസ് ഡിറ്റക്ഷൻ കാമറയിലൂടെ രോഗലക്ഷണമുള്ളവരെ അതിവേഗം കണ്ടെത്താൻ കഴിയും. ആറുമീ​റ്റർ ദൂരത്ത് നിന്നു തന്നെ ശരീരോഷ്മാവ് അളക്കാം. പരിശോധിക്കുന്നവർക്ക് യാത്രക്കാരുമായുളള സമ്പർക്കം ഒഴിവാക്കാനാവും. ഞായറാഴ്ചയാണ് പ്രവാസികളുടെ ആദ്യസംഘം തിരുവനന്തപുരത്ത് എത്തുക.

പ്രവാസികളെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങളും കാമറയുടെ പ്രവർത്തനവും ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ വിമാനത്താവളത്തിലെത്തി വിലയിരുത്തി.

വിമാനമിറങ്ങി സാമൂഹിക അകലം പാലിച്ച് കടന്നുവരുന്ന യാത്രക്കാരുടെ നെ​റ്റിയിലെ ഊഷ്മാവ് തെർമൽ കാമറ ഉപയോഗിച്ച് പരിശോധിക്കും. ആർക്കെങ്കിലും കൂടുതൽ ഊഷ്മാവുള്ളതായി കണ്ടെത്തിയാൽ അലാറം മുഴങ്ങും. ഒരേസമയം ഒന്നിലധികം പേരുടെ ശരീരതാപനില ഇതുവഴി അറിയാൻ കഴിയും. പനിയുള്ള വ്യക്തിയുടെ ചിത്രം പ്രത്യേകം രേഖപ്പെടുത്താനുമാകും. ഏഴു ലക്ഷത്തിലേറെ രൂപ വിലവരുന്ന കാമറ, ശശി തരൂർ എം.പിയുടെ ഫണ്ട് ഉപയോഗിച്ചാണ് തിരുവനന്തപുരത്ത് എത്തിച്ചത്. ആംസ്​റ്റർഡാമിൽ നിന്നാണ് വാങ്ങിയത്.