തിരുവനന്തപുരം: മടങ്ങിയെത്തുന്ന പ്രവാസികളുടെ ക്വാറന്റൈൻ കാര്യത്തിൽ ആശയക്കുഴപ്പത്തിന് ഇടയാക്കിയത് നോർക്കയുടെ ആശയവിനിമയത്തിലെ പിഴവെന്ന് സൂചന.
പ്രവാസികൾ ഏഴ് ദിവസത്തെ സർക്കാർ ക്വാറന്റൈനിൽ പോയാൽ മതിയെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞതിന് പിന്നാലെയാണ്, രാത്രിയിൽ അതിന് വിരുദ്ധമായി 14 ദിവസം പോകണമെന്ന് നോർക്കയുടെ ഉത്തരവിറങ്ങിയത്. ചീഫ്സെക്രട്ടറിയുടെ പേരിലായിരുന്നു ഉത്തരവെങ്കിലും മടങ്ങിയെത്തുന്നവർ ഏഴ് ദിവസത്തെ ക്വാറന്റൈനിൽ പോയാൽ മതിയെന്നും, തുടർന്ന് പരിശോധനയിൽ രോഗമില്ലെന്ന് കണ്ടാൽ വീടുകളിലേക്ക് ക്വാറന്റൈനിൽ വിടുമെന്നും ഇന്നലെ രാവിലെ മാദ്ധ്യമങ്ങളോട് അദ്ദേഹം തിരുത്തിപ്പറഞ്ഞു. അതോടെ, ആശയക്കുഴപ്പം മൂർച്ഛിച്ചു.
ഭൂരിഭാഗം പേരും കൊവിഡ് പരിശോധനയില്ലാതെ വരുന്നതിനാൽ , 14 ദിവസം പ്രത്യേക ക്വാറന്റൈനിൽ വിടണമെന്ന കേന്ദ്രനിർദ്ദേശമനുസരിച്ചാണ് നോർക്ക ഉത്തരവിറക്കിയത്. എന്നാൽ, മുഖ്യമന്ത്രി പറഞ്ഞതിന് വിരുദ്ധമായാണ് ഉത്തരവെന്ന് ബോദ്ധ്യപ്പെട്ട ചീഫ്സെക്രട്ടറി,രാത്രി തന്നെ തിരുത്താൻ നിർദ്ദേശിച്ചു. സമയം വൈകിപ്പോയതിനാൽ തിരുത്തൽ ഇന്നലെയാണ് സംഭവിച്ചത്.
14 ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ സംബന്ധിച്ച കേന്ദ്രത്തിന്റെ അറിയിപ്പ് മുഖ്യമന്ത്രിയുടെ ബുധനാഴ്ചത്തെ അവലോകനയോഗത്തിന് തൊട്ടു മുമ്പാണ് വന്നതെന്നാണ് വിവരം. ഇക്കാര്യം മുഖ്യമന്ത്രിയുടെയോ കൊവിഡ് പ്രതിരോധ സമിതിയുടെയോ ശ്രദ്ധയിൽപ്പെടുത്തുന്നതിൽ നോർക്ക അധികൃതർ വീഴ്ച വരുത്തിയെന്നാണ് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.