കോവളം: ഇന്നലെ വൈകിട്ട് പെയ്‌ത ശക്തമായ മഴയിൽ വിഴിഞ്ഞം ഭാഗത്തെ വീടുകളിൽ വെള്ളം കയറി. ബസ്റ്റാൻഡിന് എതിർവശത്തുള്ള പൂവൻവിളാകം ഗോദവർമ്മ റോഡിലും സമീപത്തെ പത്തോളം വീടുകളിലുമാണ് വെളളം കയറിയത്. ഇവിടത്തെ തമാസക്കാരനായ സിജിയുടെ വീടിന് ചുറ്റും വെളളം കെട്ടി നിന്നു ചുവരുകൾ കുതിർന്ന നിലയിലാണ്. റോഡിൽ നിന്നു വെളളമൊഴുകി വീടുകളിലേക്ക് എത്തിയതോടെ പൊലീസും അഗ്നിരക്ഷാസേനയുമെത്തി മോട്ടോർ ഉപയോഗിച്ച് സമീപത്തെ ഓടയിലേക്ക് വെളളമൊഴുക്കിവിട്ടു. പൂവൻവിളാകം മേഖലയിലെ ഓടയുടെ പലഭാഗങ്ങളിലും വെള്ളമൊഴുക്ക് തടസപ്പെട്ടത് അനധികൃത നിർമ്മാണങ്ങളെ തുടർന്നാണെന്ന് കൗൺസിലർ പറഞ്ഞു. വൈകിട്ടോടെ ജെ.സി.ബി ഉപയോഗിച്ച് റോഡ് വെട്ടിപ്പൊളിച്ച് സമീപത്തെ തോട്ടിലേക്ക് വെളളമൊഴുക്കിക്കളഞ്ഞു.