എറണാകുളം: പ്രവാസികളുടെ നാട്ടിലേക്കുള്ള മടക്കം ഇന്നും തുടരും. സൗദിയിൽ നിന്ന് കോഴിക്കോട്ടേക്കും ബഹ്റിനിൽ നിന്ന് കൊച്ചിയിലേക്കുമാണ് ഇന്നത്തെ വിമാനങ്ങൾ. റിയാദ് വിമാനത്താവളത്തിൽ നിന്നുള്ള ആദ്യ വിമാനം ഇന്ത്യൻ സമയം ഉച്ചയ്ക്ക് 3.15ന് കോഴിക്കോട്ടേക്ക് പുറപ്പെടും. സൗദിയിലെ ഇന്ത്യൻ എംബസിയിലും കോൺസുലേറ്റിലും രജിസ്റ്റർ ചെയ്ത അറുപതിനായിരം പ്രവാസികളിൽ നിന്ന് തിരഞ്ഞെടുത്ത 162 പേർക്കാണ് ടിക്കറ്റ് നൽകിയിരിക്കുന്നത്.
പതിനെണ്ണായിരത്തോളം രൂപയാണ് റിയാദിൽ നിന്നുള്ള ടിക്കറ്റ് നിരക്ക്. യാത്രക്കാർ രാവിലെ പ്രാദേശികസമയം ഒമ്പത് മണിയോടെ വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്യണമെന്നാണ് നിർദേശം. വിമാനത്താവളത്തിൽ തെർമൽ സ്കാനിങ് നടത്തിയ ശേഷമായിരിക്കും വിമാനത്തിനുള്ളിലേക്ക് പ്രവേശനം. വിമാനത്തിനുള്ളിൽ ഭക്ഷണവിതരണമുണ്ടാകില്ലെന്ന് എംബസി അറിയിച്ചു.
ബഹ്റിൻ രാജ്യന്തര വിമാനത്താവളത്തിൽ നിന്ന് നെടുമ്പാശ്ശേരിയിലേക്കുള്ള വിമാനം ഇന്ത്യൻ സമയം രാത്രി ഏഴിനാണ് പുറപ്പെടുന്നത്. ബഹ്റിനിൽ രജിസ്റ്റർ ചെയ്‌ത പന്ത്രണ്ടായിരത്തോളം പ്രവാസികളിൽ നിന്ന് 177 പേരാണ് യാത്രക്കൊരുങ്ങുന്നത്. 16,800 രൂപയോളമാണ് ബഹ്റിനിൽ നിന്ന് കൊച്ചിയിലേക്കുള്ള നിരക്ക്. അതേസമയം അർഹരായവർക്കെങ്കിലും ടിക്കറ്റ് നിരക്ക് സൗജന്യമാക്കണമെന്ന ആവശ്യം കേന്ദ്രസർക്കാർ നിർദേശപ്രകാരം എംബസികൾ അംഗീകരിച്ചിട്ടില്ല.