usman-

ഒരു ജനതയെ സ്വപ്നം കാണാൻ പഠിപ്പിച്ച മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൾ കലാമിനെ നായകനായി നെ‌ഞ്ചേറ്റിയവർ ലോകത്ത് ലക്ഷങ്ങളുണ്ടാകും. എന്നാൽ, സ്വപ്നം സഫലമാക്കിയവർ അതിലെത്രയുണ്ടാകും?

വളരെ കുറച്ചു മാത്രം. എന്നാൽ, അതിലൊരാളാണ് ഹൈലൈറ്റ് ഗ്രൂപ്പ് ചെയർമാനും എം.ഡിയുമായ പി. സുലൈമാൻ. സാധാരണ കർഷകന്റെ മകനായി ജനിച്ച് നിർമ്മാണം, വിദ്യാഭ്യാസം, ഹോട്ടൽ തുടങ്ങിയ രംഗങ്ങളിലെല്ലാം മികവിന്റെ കൈയൊപ്പുചാർത്താൻ വള്ളിക്കുന്നുകാരനായ സുലൈമാന് കഴിഞ്ഞു. രംഗം ഏതായാലും ഏറ്റവും ആദ്യം അല്ലെങ്കിൽ മറ്റുള്ളവയിൽ നിന്നെല്ലാം വേറിട്ടിത്. ഒരു 'സംതിംഗ് സ്പെഷ്യൽ' അതാണ് സുലൈമാന്റെ രീതി.

നിർമ്മാണ കമ്പനി, ഫ്ളാറ്റുകൾ, സ്കൂളുകൾ,​ റെസ്റ്റോറന്റുകൾ, മാളുകൾ എന്നിവയെല്ലാം ചേർന്നതാണ് ഹൈലൈറ്റ് ഗ്രൂപ്പ്. മാൾ എന്ന വ്യാപാര സങ്കല്പം കേരളത്തിന് പരിചയപ്പെടുത്തിയതും ഹൈലൈറ്റ് ഗ്രൂപ്പാണ് ; 14 വർഷം മുമ്പ് കോഴിക്കോട് സ്ഥാപിച്ച ഫോക്കസ് മാൾ.

ബിസിനസ് നിലയ്ക്കുന്ന തരത്തിൽ പെട്ടെന്ന് ഒരുദിവസം ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ സുലൈമാൻ ആദ്യം ചെയ്തത്, തൊഴിലാളികളെ സുരക്ഷിതരാക്കുകയായിരുന്നു. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ആറായിരത്തോളം തൊഴിലാളികൾക്ക് 21 ദിവസത്തേക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ സ്റ്റോക്കു ചെയ്തു. രോഗത്തിന്റെ അപകടം പറഞ്ഞു മനസിലാക്കി. സുലൈമാനിൽ വിശ്വാസമുള്ളതുകൊണ്ട് പ്രത്യേക ട്രെയിനുകൾ എത്തിയെങ്കിലും ആരും നാട്ടിലേക്ക് വണ്ടി കയറിയില്ല.

ലോക്ക് ഡൗണുമായി സ്വയം പൊരുത്തപ്പെടുകയായിരുന്നു സുലൈമാൻ.

'' 25000 ത്തോളം കുടുംബങ്ങൾ ഹൈലൈറ്റിനെ ആശ്രയിച്ചു ജീവിക്കുന്നുണ്ട്. അവരുടെ ഭാവിയെക്കുറിച്ച് ചിന്തിച്ചു. നമ്മൾ തകർന്നാൽ എല്ലാവരും തകരും എന്ന ബോദ്ധ്യത്തിന്റെ അടിസ്ഥാനത്തിൽ എല്ലാവിധ ടെൻഷനകളിൽ നിന്ന് മനസിനെ മോചിപ്പിക്കുകയാണ് ആദ്യം ചെയ്തത്. പിന്നെ കുട്ടികളോടും ഭാര്യയോടും കൂടി ചെലവഴിച്ചു. മുമ്പൊരിക്കലും അവരോട് ഇത്രമേൽ കൂടിച്ചേരാൻ കഴിഞ്ഞിരുന്നില്ല. അത് മനസിന് ഉന്മേഷം നൽകി. ഒരൊന്നര മാസം ആഘോഷിച്ചു. '' സുലൈമാൻ പറയുന്നു.

പി. സുലൈമാന് ഭാര്യയും മൂന്നു മക്കളുമാണുള്ളത്. ഭാര്യ: നഷീദ സുലൈമാൻ.​ മക്കൾ : അജിൽ മുഹമ്മദ്ഖാൻ ഡിഗ്രിക്ക് പഠിക്കുന്നു. നിമ സുലൈമാൻ പ്ളസ് ടുവിൽ പഠിക്കുന്നു. മേക സുലൈമാൻ ഒമ്പതിൽ പഠിക്കുന്നു.

''ലോക്ക് ഡൗൺ കാലമായതോടെ മുറ്റത്തെ ഷട്ടിൽ കളി മൂന്നു നേരമാക്കി. ഭാര്യ ഉൾപ്പെടെ അഞ്ച് പേരും കളിക്കും. ഒരിക്കലും പ്രതീക്ഷിക്കാത്ത സുവർണ നിമിഷങ്ങളാണ് ലോക്ക് ഡൗൺ നൽകിയത്. ബിസിനസൊക്കെ മതിയാക്കി ഇങ്ങനെയങ്ങ് പോയാലോ എന്നുവരെ ചിന്തിച്ചു പോയി. തിരക്കിലേക്ക് വീണ്ടും ഒരു മടങ്ങിപ്പോക്ക് മടിയായി. ഓഫീസ് തുറന്നപ്പോൾ അത് മറ്റു പലരിലും കണ്ടു.'' ചിരിച്ചുകൊണ്ട് സുലൈമാൻ പറയുന്നു.

കൃഷിയോടായിരുന്നു ഇഷ്ടം. ഭാര്യ പച്ചക്കറി വീട്ടിൽ കൃഷി ചെയ്യുന്നു. സിവിൽ എൻജിനിയറാണ് ഭാര്യ. ബിസിനസിന്റെ തുടക്കത്തിൽ ഒപ്പം ഉണ്ടയിരുന്നു. പിന്നീട് ഞാൻ കൂടുതൽ തിരക്കിലായപ്പോൾ ഭാര്യ വീട്ടുകാര്യങ്ങളിലേക്ക് ശ്രദ്ധ തിരിച്ചു.

കൂട്ടിനെന്നും

വമ്പൻ സ്വപ്നം

ലോകത്തെ ആദ്യത്തേത് എന്നു വിശേഷിപ്പിക്കാവുന്ന ഒരു സ്വപ്ന പദ്ധതിയുടെ അണിയറയിലാണ് ഇപ്പോൾ സുലൈമാൻ. ഓരോ അപ്പാർട്ട്മെന്റിനു മുന്നിലും കാർ പാർക്കു ചെയ്യാൻ കഴിയുന്ന 23 നില കെട്ടിടം. ഇപ്പോൾ ഫ്ലാറ്റുകളിലെല്ലാം

താഴെ കാർ പാർക്കു ചെയ്തശേഷം മുകളിലേക്ക് ലിഫ്റ്റുവഴിയോ പടിക്കെട്ടുകൾ കയറിയോ സ്വന്തം ഫ്ളാറ്രിൽ എത്തുന്നതാണ് നിലവിലെ രീതി. എന്നാൽ പുതിയ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ സ്വന്തം അപ്പാർട്ട്മെന്റിലേക്ക് കാർ ഓടിച്ചു കയറാം. കോഴിക്കോട് ബൈപ്പാസിലാണ് 2000 കോടി രൂപയുടെ രമ്യഹർമ്യം ഉയരുക. ഹൈലൈറ്റ് അറ്റ്ലാന്റസ് എന്ന പേരിലുള്ള ടവറിൽ 160 അപ്പാർട്ട്മെന്റുകൾ ഉണ്ടാകും. ഒളിമ്പസ് എന്ന പേരുള്ള മറ്റൊരു ടവറിൽ 1300 അപ്പാർട്ട്മെന്റുകളുണ്ടാകും.

കെട്ടിട നിർമ്മാണരംഗത്തെ പല പുതുമകളും ആദ്യം അവതരിപ്പിച്ചത് ഹൈലൈറ്റാണ്. കേരളത്തിൽ ആദ്യമായി റെഡിമിക്സ് കോൺക്രീറ്റ് വിപണിയിലിറക്കി. ആദ്യത്തെ മാൾ കോഴിക്കോട് പണിതു. ആദ്യത്തെ ഫൈവ് സ്റ്റാർ അപ്പാർട്ട്മെന്റ് യാഥാർത്ഥ്യമാക്കി. മാളും ഓഫീസും അപ്പാർട്ട്മെന്റുമെല്ലാം ഒറ്റ കെട്ടട സമുച്ചയത്തിലാക്കി. ദി വൈറ്റ് സ്കൂൾ ഇന്റർനാഷണൽ കേരളത്തിലെ ആദ്യത്തെ ഐ.ബി സിലബസ് സ്കൂളാണ്. കെ.ജി മുതൽ 12 വരെ ഐ.ബി സിലബസ് തുടരുന്ന കേരളത്തിലെ ഏക സ്കൂളും ഇതാണ്. ഹഗ് എ മഗ് എന്ന കോഫി ഷോപ്പ് കോഴിക്കോട് ആറെണ്ണമുണ്ട്. അത് വിപുലമാക്കാനും അലോചനയുണ്ട്. തൃശൂരിലും ഹൈലൈറ്റിന്റെ മാൾ ഉടൻ വരും.

20 കൊല്ലം മുമ്പ് മലപ്പുറത്തെ ചെമ്മാട് 50 സ്ക്വയർ ഫീറ്റുള്ള ഓഫീസിൽ നിന്നായിരുന്നു ഹൈലൈറ്റിന്റെ പിറവി. അന്ന് വീടുകൾ നിർമ്മിച്ചുകൊണ്ട് തുടങ്ങി. 16 വർഷം മുമ്പ് ഫ്ലാറ്റ് നിർമ്മാണം തുടങ്ങി. ഇപ്പോൾ ചെറുതും വലുതുമായി പൂർത്തിയാക്കിയ കെട്ടിടങ്ങൾ രണ്ടായിരിത്തലിധികം വരും.


കുത്തക മുതലാളി

എന്നു വിളിക്കല്ലേ

മുഖ്യമന്ത്രി പിണറായി വിജയൻ ശക്തമായ തീരുമാനമെടുത്ത് മുന്നോട്ടു പോകുന്നത് കേരളത്തിന് പ്രതീക്ഷ നൽകുന്നുവെന്ന് സുലൈമാൻ പറയുന്നു.

കേരളത്തിന് അവസരങ്ങളുണ്ട്. ഗുണകരമായ തീരുമാനങ്ങൾ സർക്കാർ പോളിസിയായി വന്നു കഴിഞ്ഞാൽ,​ ഏറ്റവും ആദ്യം ഈ സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് കരകയറുന്നത് കേരളമായിരിക്കും.

'അതിഥി തൊഴിലാളികൾ' എന്ന വാക്ക് നല്ലതാണ്. അതുപോലെ കുത്തക മുതലാളി, ബൂർഷ്വ,​ സ്വകാര്യ മുതലാളി എന്നൊക്കെയുള്ള വിശേഷണങ്ങൾ കളഞ്ഞ് തൊഴിൽ ദാതാവ് എന്നാക്കിയാൽ ‌ഞങ്ങളെ പോലെയുള്ളവരോട് ജനത്തിന് ബഹുമാനം ഉണ്ടാകും. തൊഴിൽ കൊടുക്കുന്ന ആൾ കുത്തക മുതലാളിയാകില്ലല്ലോ.

ലോക്ക് ഡൗൺ കഴിയുന്നതോടെ സർക്കാർ സ്ഥാപനങ്ങളുടെ സമീപനത്തിലും മാറ്റം വരും. എല്ലാസംസ്ഥാനങ്ങളിലെയും സാമ്പത്തിക നയം മാറ്റും. ആദ്യം മാറ്റുന്നവർ ആദ്യം ജയിക്കും. പണം മുടക്കാൻ തയ്യാറാകുന്നവരെ വല്ലാതെ വിഷമിപ്പിക്കരുത്. നിക്ഷേപ സൗഹൃദം എന്നത് പറച്ചിലിൽ മാത്രം ഒതുങ്ങരുത്. എല്ലാവരും പണം ഉണ്ടാക്കാൻ മത്സരിക്കും,​ നേരായ മാർഗത്തിൽ തന്നെ. അതിലൊരാൾ മത്സരത്തിൽ വിജയിച്ചു കഴിഞ്ഞാൽ ആയാൾ മോശക്കാരനായി. അവൻ കുത്തക മുതലാളി. ആ ചിന്തമാറണം. ഗൾഫിൽ നിന്നുള്ള മലയാളികളുടെ വരവിനെ വളരെ പോസിറ്റീവായിട്ടാണ് എടുക്കേണ്ടത്. കൊവിഡിന് മുമ്പ് ഗൾഫിൽ മുതൽമുടക്കിയവർക്കിപ്പോൾ നാട്ടിലേക്ക് വരണമെന്നായി. അവ‌ർ നാട്ടിൽ മുതൽമുടക്കും. പക്ഷേ,​ നമ്മുടെ പോളിസി മാറണമെന്നും സുലൈമാൻ പറയുന്നു.

കൊവിഡ് ഭീതി കാരണം നല്ല ആരോഗ്യശീലങ്ങൾ വന്നു. ഇക്കാര്യത്തിൽ കേരളീയർ 25 കൊല്ലം മുന്നോട്ടു പോയിയെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.

നല്ല ഗുണങ്ങൾ ആരിൽ നിന്നും പകർത്തുന്ന ആളാണ് സുലൈമാൻ. അദ്ദേഹത്തിന്റെ ഡ്രൈവർ ജലീൽ തന്റേതല്ലാത്ത ഒരു നെല്ലിക്കപോലും എടുക്കാറില്ല. ആകർഷിക്കുന്ന വ്യക്തികൾ മഹാന്മാർ മാത്രം അകണമെന്നില്ലെന്നും അദ്ദേഹം പറയുന്നു.