സോൾ : ആരോഗ്യത്തെ പറ്റി അഭ്യൂഹങ്ങൾ പ്രചരിക്കുന്നിതിനിടെ ഉത്തര കൊറിയൻ ഭരണാധികാരി കിം ജോംഗ് ഉൻ ചൈനീസ് പ്രസിഡന്റ് ഷീ ജിംഗ്പിംഗിന് ' ശബ്‌ദ സന്ദേശം ' അയച്ചതായി റിപ്പോർട്ടുകൾ. ഉത്തര കൊറിയയുടെ ഔദ്യോഗിക മാദ്ധ്യമമായ ദ കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസിയാണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്.
' ശബ്‌ദ സന്ദേശം ' എന്താണെന്ന് ന്യൂസ് ഏജൻസി വ്യക്തമാക്കിയിട്ടില്ല. അതു പോലെ തന്നെ കിമ്മും ഷീ ജിംഗ്പിംഗും ഫോണിലൂടെ നേരിട്ട് സംസാരിച്ചോ എന്നും വ്യക്തമല്ല. കൊവിഡ് 19നെതിരെ ചൈന നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു കൊണ്ടുള്ള സന്ദേശമാണ് കിം, ഷീ ജിംഗ്പിംഗിന് കൈമാറിയതെന്ന് ഏജൻസി പറയുന്നു. 20 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഫെർട്ടിലൈസർ ഫാക്ടറി നിർമാണത്തിൽ കിം പ്രത്യക്ഷപ്പെട്ടെങ്കിലും ഇപ്പോഴും അഭ്യൂഹങ്ങൾ തുടരുകയാണ്. കിമ്മിന് ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞതായും ഇല്ലെന്നുമുള്ള വാദങ്ങൾ നിലനില്ക്കുന്നുണ്ട്. കിം ഇപ്പോഴും അപ്രത്യക്ഷനാണെന്നും കിമ്മിന്റെ ഡ്യൂപ്പാണ് പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നതുമെന്നാണ് മറ്റ് ചിലർ ആരോപിക്കുന്നത്. അഭ്യൂഹങ്ങൾക്കൊന്നും ഉത്തര കൊറിയയുടെ ഭാഗത്ത് നിന്നും യാതൊരു മറുപടിയുമുണ്ടായിട്ടില്ല.