maharastra

മുംബയ്: രാജ്യത്തെ നടുക്കിയ ഔറംഗാബാദ് ദുരന്തത്തിൽ റെയിൽവെ അന്വേഷണം പ്രഖ്യാപിച്ചു. അന്യസംസ്ഥാന തൊഴിലാളികൾ ഉറങ്ങികിടക്കുന്നത് കണ്ട് ട്രെയിൻ നിർത്താൻ ലോക്കോ പൈലറ്റ് ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് റെയിൽവെ വ്യക്തമാക്കി. ഇന്ന് രാവിലെയോടെയാണ് മഹാരാഷ്ട്രയിലെ ഔറംഗബാദിൽ റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങുകയായിരുന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് മേൽ ട്രെയിൻ പാഞ്ഞുകയറിയത്.സംഭവത്തിൽ 15 പേർ മരിച്ചു. കൃത്യമായ മരണസംഖ്യ അധികൃത‍ർ പുറത്തുവിട്ടിട്ടില്ല. മരിച്ചവരിൽ കുട്ടികളും ഉൾപ്പെടുന്നു. ഛത്തീസ്‍ഗഢ് സ്വദേശികളായ അന്യസംസ്ഥാന തൊഴിലാളികൾക്ക് മേലാണ് ചരക്ക് തീവണ്ടി പാഞ്ഞു കയറിയത്.

ഇന്നലെ വെളുപ്പിനുണ്ടായ വിശാഖപട്ടണത്തെ വാതകചോർച്ച ദുരന്തത്തിന് ശേഷം മഹാരാഷ്ട്രയിൽ നിന്നുള്ള ദുരന്ത വാർത്ത കേട്ടാണ് രാജ്യം ഇന്ന് ഉണർന്നത്. കൊവിഡ് വ്യാപന തോത് കൂടിയ മഹാരാഷ്ട്രയിൽ നിന്ന് തൊഴിലില്ലായതോടെ നിരവധി പേർ നാട്ടിലേക്ക് റോഡ് മാർഗവും അല്ലാതെയും നടന്നും മറ്റും പോകുന്നുണ്ടായിരുന്നു. ഈ സംഘത്തിൽ പെട്ടവരാണ് രാത്രി റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങി വൻ ദുരന്തത്തിന് ഇരയായത് എന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.

ട്രെയിൻ ഗതാഗതം ഇല്ലെന്ന് കരുതി ട്രാക്കിൽ കിടന്നുറങ്ങിയവരാണ് ഇവർ എന്നാണ് വിവരം. എന്നാൽ ചരക്ക് തീവണ്ടികൾ സർവീസ് നടത്തുന്ന വിവരം ഇവർക്ക് അറിയില്ലായിരുന്നുവെന്നും അധികൃതർ പറയുന്നു. അപകടം വിവരം പുറത്തറിയാൻ വൈകിയതിനാൽ തന്നെ രക്ഷാ പ്രവർത്തനം ഏറെ വൈകിയാണ് തുടങ്ങിയത്.

ലോക്ക്ഡൗണിനെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ നിന്ന് നിരവധി അന്തര്‍സംസ്ഥാന തൊഴിലാളികള്‍ നേരത്തെ തന്നെ പാലായനം ചെയ്തിരുന്നു. ബിഹാര്‍, ഗുജറാത്ത്, യു.പി എന്നീ സംസ്ഥാനങ്ങളിലേക്ക് കാല്‍നടയായാണ് ഇവര്‍ മടങ്ങിയിരുന്നത്.