തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയെ തുടർന്ന് വിദേശരാജ്യങ്ങളിൽ നിന്ന് മലയാളികളെ നാട്ടിലെത്തിക്കുന്നതിനായി ആവിഷ്കരിച്ച വന്ദേഭാരത് പദ്ധതിയുടെരണ്ടാം ദിനമായ ഇന്ന് രണ്ട് വിമാനങ്ങൾകൂടി കേരളത്തിലെത്തും.സൗദി അറേബ്യയിൽ നിന്ന് കരിപ്പൂരിലേക്കും ബഹ്റിനിൽ നിന്ന് കൊച്ചിയിലേക്കുമാണ് വിമാനങ്ങളെത്തുക.
സൗദി കരിപ്പൂർ വിമാനം രാത്രി 8..300നും ബഹ്റിൻ- കൊച്ചി വിമാനം രാത്രി 10.50നും എത്തുമെന്നാണ് അറിയിപ്പ് ലഭിച്ചിരിക്കുന്നത്. ഇതിൽ നാട്ടിലെത്തുന്ന യാത്രക്കാരെ സ്വീകരിക്കാനും ആരോഗ്യ സുരക്ഷാ പരിശോധനകൾക്കും ക്വാറന്റൈൻ സൗകര്യങ്ങൾക്കുമുള്ള ക്രമീകരണങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. മാലദ്വീപിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രക്കാരെയും വഹിച്ചുകൊണ്ടുള്ള കപ്പലുകളും ഇന്ന് അവിടെ നിന്ന് നാട്ടിലേക്ക് തിരിക്കും.നാവികസേനയുടെ ഐ.എൻ. ജലാശ്വ, ഐ..എൻ..എസ് മഗർ എന്നീകപ്പലുകളിലായി ആദ്യയാത്രയിൽ സാമൂഹ്യഅകലം പാലിച്ച് 1000ത്തോളം പേരെ നാട്ടിലെത്തിക്കാനാകുമെന്നാണ് കരുതുന്നത്.. മൂന്നുദിവസം മുമ്പ് ഇവിടെ നിന്ന് പുറപ്പെട്ട് മാലദ്വീപിലെത്തിയ കപ്പലുകൾ യാത്രക്കാരെ കയറ്റുന്നതിന് മുന്നോടിയായി സുരക്ഷാ പ്രവർത്തനങ്ങളുടെ ഭാഗമായി അണുനശീകരണം നടത്തിവരികയാണ്.
അണുനശീകരണം പൂർത്തിയാക്കിയേഷം കൊവിഡ് പരിശോധനകൾ നടത്തി മാസ്ക് ധരിപ്പിച്ച് കൈകളും ലഗേജുകളും അണുവിമുക്തമാക്കിയശേഷമേ യാത്രക്കാരെ കപ്പലിൽ പ്രവേശിപ്പിക്കൂ. ഇതിന് പുറമേ അമേരിക്കയിൽ നിന്നും ശനിയാഴ്ചയും ദോഹയിൽ നിന്ന് ഞായറാഴ്ചയും കൂടുതൽ മലയാളികളെയും വഹിച്ചുകൊണ്ടുള്ള വിമാനങ്ങൾ നാട്ടിലേക്ക് എത്തും. വന്ദേഭാരതിന്റെ ആദ്യഘട്ടത്തിൽ രണ്ട് വിമാനങ്ങളിലായി ഇന്നലെ കൊച്ചിയിലും കരിപ്പൂരിലുമായെത്തിയ യാത്രക്കാരിൽ കൊവിഡ് ലക്ഷണം സംശയിച്ച മൂന്നുപേരെ കളമശേരി മെഡിക്കൽ കോളേജിലും മറ്റുള്ളവരെ സർക്കാർ സജ്ജമാക്കിയ ഐസൊലേഷൻ കേന്ദ്രങ്ങളിലേക്കും മാറ്റി.