ന്യൂഡൽഹി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ക്രമസമാധാന പാലനത്തിനായി രാജ്യതലസ്ഥാനത്ത് നിയോഗിച്ചിരിക്കുന്ന അർദ്ധസൈനിക വിഭാഗത്തിലെ അഞ്ഞൂറോളം പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. സെൻട്രൽ, സൗത്ത് ഈസ്റ്റ്, നോർത്ത് ഈസ്റ്റ് ജില്ലകളിലെ യൂണിറ്റുകളിലുള്ളവർക്കാണ് വൈറസ് ബാധ കൂടുതൽ.
ബി.എസ്.എഫിന്റെ 195 സൈനികർക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. ഇന്നലെ രണ്ട് ബി.എസ്.എഫ് ജവാന്മാർ വ്യാഴാഴ്ച മരിച്ചിരുന്നു. നിലവിൽ 191 ജവാന്മാരാണ്ചികിത്സയിലുള്ളത്. ക്വാറന്റൈനിലുള്ള ജവാന്മാരുടെ നിരീക്ഷണത്തിനായി ബി.എസ്.എഫ് പ്രത്യേക സെൽ ആരംഭിച്ചിട്ടുണ്ട്.
സി.ആർ.പി എഫിൽ 159 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 900 പേർ ഡൽഹിയിൽ ക്വാറന്റൈനിലാണ്. ആഭ്യന്തര മന്ത്രാലയത്തിൽ പ്രത്യേക ഡ്യൂട്ടിക്ക് നിയോഗിച്ച രണ്ട് ജവാന്മാർക്ക് കൊഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുമായി സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസിലെ 82 പേർക്കും സി.ഐ.എസ്.എഫിലെ 50 ഓളം പേർക്കും രോഗബാധ സ്ഥിരീകരിച്ചു. ഒരു സി.ഐ.എസ്.എഫ് ജവാൻ കൊവിഡ് ബാധിച്ച് മരിച്ചു.ശസ്ത്ര സീമാ ബല്ലിലാണ് ഏറ്റവും കുറവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 14 ജവാന്മാര്‍ക്കാണ് ഇതു വരെ രോഗബാധ സ്ഥിരീകരിച്ചത്. ഡൽഹി പൊലീസിലെ 80 പേർക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സൈനികർക്കിടയിൽ കൊവിഡ് ബാധിക്കുന്നത് കടുത്ത ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. രോഗബാധ തടയുന്നതിനുള്ള ശ്രമങ്ങൾ അധികൃതർ തുടരുകയാണ്.