maladweep

കൊച്ചി: മാലദ്വീപിൽ കുടുങ്ങിയ 749 ഇന്ത്യക്കാരുമായി നേവിയുടെ ഐ.എൻ.എസ് ജലാശ്വ ഇന്ന് ഉച്ചയോടെ യാത്ര തിരിക്കും. മറ്റന്നാൾ രാവിലെ കപ്പൽ കൊച്ചിയിലെത്തുമെന്നാണ് പ്രതീക്ഷ. യാത്രക്കാരെ ദ്രുതപരിശോധനയ്ക്കും തെർമൽ സ്ക്രീനിംഗിനും വിധേയരാക്കിയശേഷമാണ് കപ്പലിൽ കയറ്റുക. ദ്വീപിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ ബസുകളും ബോട്ടുകളിലുമായാണ് തുറമുഖത്ത് എത്തിയത് .


കപ്പലിലെത്തുന്ന പ്രവാസികളെ സ്വീകരിക്കാൻ കൊച്ചി തുറമുഖം ഒരുങ്ങി. യാത്രക്കാരുടെ പരിശോധനകൾക്കടക്കമുള്ള സംവിധാനങ്ങൾ കൊച്ചി പോർട്ട് ട്രസ്റ്റ് ആണ് ഒരുക്കിയിരിക്കുന്നത്. കപ്പൽ തുറമുഖത്ത് എത്തുന്നതിനു മുമ്പ് തന്നെ നാവികസേന നൽകുന്ന ഇ ഡിക്ലറേഷൻ ഫോമിൽ യാത്രക്കാർ വിശദാംശങ്ങൾ കൈമാറണം.പ്രവാസികളെ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് മാറ്റാനായി കെ.എസ്.ആർ.ടി.സിയുടെ 30 ബസുകളും സജ്ജമാക്കിയിട്ടുണ്ട്.

പ്രവാസികളെ 50പേർ വീതമുള്ള സംഘമായി തിരിച്ച് സാമുഹ്യ അകലം പാലിച്ചായിരിക്കും വൈദ്യപരിശോധനയ്ക്കും ഇമിഗ്രേഷൻ പരിശോധനയ്ക്കും എത്തിക്കുക. രോഗലക്ഷണണുള്ളവർക്കായി പ്രത്യേകസ്ഥലവും സജ്ജമാക്കിയിട്ടുണ്ട് . മുഴുവൻ യാത്രക്കാർക്കും ബി.എസ്.എൻ.എൽ സിംകാർഡ് നൽകും . യാത്രക്കാർ മൊബൈലിൽ ആരോഗ്യസേതു ആപ്പ് ഇൻസ്റ്റാൾ ചെയ്തശേഷമായിരിക്കും അവരെ ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് കൊണ്ടുപോവുക.