police

തിരുവനന്തപുരം-മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് നാട്ടിലെത്താൻ രജിസ്റ്റർ ചെയ്ത് പാസ് വാങ്ങിയ 44,000ത്തോളംപേരുടെ ക്വാറന്റൈൻ നടപടികൾക്ക് ജില്ലാ ഭരണകൂടങ്ങളുടെയും ദുരന്ത നിവാരണ അതോറിട്ടിയുടെയും നേതൃത്വത്തിൽ ശ്രമങ്ങൾ ഊർജിതമാക്കി. റെഡ് സോണുകളിൽ നിന്നുൾപ്പെടെ നാട്ടിലേക്ക് മടങ്ങാൻ പേര് രജിസ്റ്റർ ചെയ്തവരുടെ പട്ടിക പ്രത്യേകം പ്രത്യേകമായി തയ്യാറാക്കി ഇവർക്ക് സുരക്ഷിതമായ ക്വാറന്റൈൻ സംവിധാനങ്ങൾ ഉടൻ സജ്ജമാക്കാനുള്ള നടപടികളാണ് യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തിയായി വരുന്നത്. റെഡ് സോണുകളിൽ നിന്നുള്ളവർക്ക് രോഗസാദ്ധ്യത കൂടുതലായതിനാൽ അവർക്ക് പ്രത്യേക ക്വാറന്റൈൻ മേഖല സജ്ജമാക്കേണ്ടതുണ്ട്.

റെഡ് സോണിൽ നിന്നെത്തുന്നവരുടെ ക്വാറന്റൈൻ സംബന്ധിച്ച ആശയക്കുഴപ്പത്തെത്തുടർന്നാണ് രജിസ്ട്രേഷനും പാസ് നൽകലും തൽക്കാലം നിർത്തിയത്. മറ്റു സംസ്ഥാനങ്ങളിലെ റെഡ് സോൺ ജില്ലകളിൽ നിന്നുള്ളവരെ സർക്കാർ ക്വാറന്റീനിൽ 14 ദിവസം താമസിപ്പിക്കണമെന്ന തീരുമാനത്തെത്തുടർന്നാണിത്. ഇന്നു വൈകിട്ടോ നാളെയോ രജിസ്ട്രേഷൻ പുനരാരംഭിക്കുമെന്നാണ് സൂചന.

സംസ്ഥാനത്തെ ആറ് ചെക്ക് പോസ്റ്റുകളിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നാട്ടിലേക്ക് വരാനുള്ളവർക്ക് ക്വാറന്റൈൻ സംവിധാനങ്ങൾ ക്രമീകരിക്കുന്നത്. രജിസ്റ്റർ ചെയ്ത 44,000 പേർക്ക് മേയ് 17 വരെ കളക്ടർമാർ പാസ് അനുവദിച്ചിട്ടുണ്ട്. ഇവർക്ക് നിശ്ചിത തീയതികളിൽ എത്താം. കഴിഞ്ഞ 4 ദിവസത്തിനിടെ 13,000 പേരാണ് മറ്റു സംസ്ഥാനങ്ങളിൽ നിന്നു വന്നത്. ഇവരിൽ റെഡ് സോൺ ജില്ലകളിൽ നിന്ന് എത്രപേരുണ്ടെന്ന് വ്യക്തമല്ല.