kim

സോൾ : ഏറ്റവും ശക്തിയേറിയ ന്യൂക്ലിയാർ മിസൈലുകൾ ശേഖരിക്കുന്നതിനും പരീക്ഷിക്കുന്നതിനുമായി ഉത്തര കൊറിയയിൽ ഒരു വമ്പൻ കേന്ദ്രം ഒരുങ്ങുന്നു. നിർമാണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഈ കേന്ദ്രം ഉത്തര കൊറിയയുടെ തലസ്ഥാന നഗരമായ പ്യോംഗ്യോഗിന് സമീപമുള്ള സിൽ - ലിയിലാണ്. അടുത്തുള്ള മിസൈൽ ഫാക്ടറികളുമായി ബന്ധിപ്പിക്കുന്ന റെയിൽ പാത, നിർമാണം പുരോഗമിക്കുന്ന മൂന്ന് കൂറ്റൻ വിമാനഷെഡുകൾ, ഒരു വലിയ ഭൂഗർഭ സംഭരണ കേന്ദ്രം എന്നിവയും പുതിയ മിസൈൽ ബേസിന് അനുബന്ധമായി നിർമാണത്തിലാണ്. ഉപഗ്രഹ ചിത്രങ്ങളിലൂടെയാണ് പുതിയ മിസൈൽ ബേസിനെ സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്.

ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ ബേസിന്റെ നിർമാണം പൂർത്തിയാകുമെന്നാണ് നിഗമനം. ഉത്തര കൊറിയയുടെ ആണവായുധ ശേഖരം സംരക്ഷിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും കിം ജോംഗ് ഉൻ ഈ മിസൈൽ ബേസിനെ ഉപയോഗിക്കുമെന്നാണ് വിവരം. നിർമാണം പൂർത്തിയായ ശേഷം ഉത്തര കൊറിയയുടെ കര, വ്യോമസേനകളുടെ കനത്ത സുരക്ഷാ വലയത്തിനുള്ളിലായിരിക്കും ഈ മിസൈൽ ബേസ്.

2016ലാണ് ബേസിന്റെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയതെന്ന് യു.എസിലെ സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസിലെ ഗവേഷകർ പറയുന്നു. 1980 കളിൽ ഫൈറ്റർ ജെറ്റ് വിമാനങ്ങൾ സൂക്ഷിക്കാൻ നിർമിച്ച ഭൂഗർഭ ഷെഡുകൾ ഇവിടെ പുതുക്കി പണിയുന്നുണ്ട്.

സിൽ - ലി ഗ്രാമത്തിലെ നല്ലൊരു ഭാഗം തന്നെ ബേസിന്റെ നിർമാണത്തിനായി പൊളിച്ചു നീക്കിയതായാണ് വിവരം. നിലവിൽ 40 ഓളം ആണവ മിസൈലുകൾ ഉത്തര കൊറിയയുടെ കൈവശമുണ്ടെന്നാണ് റിപ്പോർട്ട്. കിം ജോംഗ് ഉന്നിന്റെ നേതൃത്വത്തിൽ പുതിയ മിസൈലുകളുടെ പരീക്ഷണവും നടന്നു കൊണ്ടിരിക്കുകയാണ്. പുതിയ ബേസിന്റെ നിർമാണം പൂർത്തിയാകുന്നതോടു കൂടി ഉത്തര കൊറിയയുടെ മിസൈൽ ശേഖരം കൂടുതൽ വിപുലമാകും. ഉത്തര കൊറിയ വൻ തോതിൽ ആണവ മിസൈലുകൾ ശേഖരിച്ച് കൂട്ടുന്നതോടെ യു.എസിന്റെ നേർക്കാണ് വെല്ലുവിളി ഉയരുന്നത്.