kim-jong-un

സോൾ : ഇത് കിമ്മല്ല.... ഉത്തര കൊറിയയുടെ കിം ഇങ്ങനെയെല്ല....കിം ജോംഗ് ഉന്നിന്റെ ബോഡി ഡബിളിനെ പറ്റിയുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ കാട്ടുതീ പോലെ പടർന്നു പിടിയ്ക്കുകയാണ്. രണ്ടാഴ്ചത്തെ അസാന്നിദ്ധ്യത്തിന് ശേഷം മേയ് 2ന് ഫെർട്ടിലൈസർ ഫാക്ടറിയുടെ ഉദ്ഘാടനം നിർവഹിക്കാനായി എത്തിയ ഉത്തര കൊറിയൻ ഭരണാധികാരി കിം ജോംഗ് ഉൻ യഥാർത്ഥ കിം ജോംഗ് ഉൻ അല്ലെന്നാണ് ഇപ്പോൾ പലരും പറയുന്നത്. ഒറിജിനൽ കിമ്മിന്റെ ' ബോഡി ഡബിളിനെ'യാണത്രെ നമ്മൾ കണ്ടത്. ! എന്താണ് ഈ ബോഡി ഡബിൾ ഒന്നായിരിക്കും പലരുടെയും ചോദ്യം. ഉത്തരം സിമ്പിളാണ് സിനിമയിലൊക്കെ സ്റ്റണ്ട് രംഗങ്ങൾക്ക് നടൻമാർ ഡ്യൂപ്പിനെ ഉപയോഗിക്കില്ലേ. അതുപോലെ തന്നെ രാഷ്ട്രീയ നേതാക്കൾ ഉപയോഗിക്കുന്ന അപരൻമാരാണ് ബോഡി ഡബിളുകൾ. ഹിറ്റ്ലർ, സ്റ്റാലിൻ, സദ്ദാം ഹുസൈൻ തുടങ്ങിയ നേതാക്കാൾ പണ്ട് ബോഡി ഡബിളുകളെ ഉപയോഗിച്ചിരുന്നു. മാദ്ധ്യമങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനും അപകടങ്ങളിൽ നിന്നും ഒഴിവാകാനുമൊക്കെയാണ് രാഷ്ട്ര തലവൻമാർ ബോഡി ഡബിളുകളെ ആശ്രയിക്കുന്നത്. യഥാർത്ഥ നേതാക്കൾക്ക് പകരം ഇത്തരം ബോഡി ഡബിളുകൾ പൊതുജന മദ്ധ്യത്തിന് മുന്നിൽ പ്രത്യക്ഷപ്പെട്ടേക്കാം. ലോകം കണ്ട ഏറ്റവും ഭീകരനായ സ്വേച്ഛാധിപതിയായ അഡോൾഫ് ഹിറ്റ്ലറിന്റെ അതേ പാത തന്നെയാണോ കിമ്മും സ്വീകരിച്ചിരിക്കുന്നത്. ? അങ്ങനെയെങ്കിൽ എന്തിന് വേണ്ടി. ?

 ബോഡി ഡബിളോ ?

കിമ്മിന്റെ ബോഡി ഡബിളിനെയാണ് നമ്മൾ ഫെർട്ടിലൈസർ ഫാക്ടറിയുടെ ഉദ്ഘാടനത്തിൽ കണ്ടതെന്ന് ചൂണ്ടിക്കാട്ടി നിരവധി വീഡിയോകളും ചിത്രങ്ങളും ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്. ജെയിംസ് ബോണ്ട് പടങ്ങളെ വെല്ലുന്ന ട്വിസ്റ്റുകളാണ് ഇപ്പോൾ കിമ്മിനെ പറ്റിയുള്ള അഭ്യൂഹ കഥകളിലൂടെ വ്യാപിക്കുന്നത്. കിമ്മും ബോഡി ഡബിൾ എന്ന് പറയപ്പെടുന്ന മറ്റൊരാളും നില്ക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ എരിതീയിൽ എണ്ണയൊഴിച്ചിരിക്കുന്നത്. 2017 ജൂലായ് 28ന് ഹ്വാസോംഗ് 14 മിസൈലിന്റെ പരീക്ഷണം നിരീക്ഷിക്കാനെത്തിയ കിം തന്നോട് സാമ്യമുള്ള ഒരാളുമായി സംസാരിക്കുന്നത് കാണാം. രണ്ട് പേർക്കും ഒരേ വസ്ത്രം, ഒരേ ഹെയർ സ്റ്റൈൽ. തനിക്ക് നേരെ വധശ്രമങ്ങൾ ഉണ്ടായതിന് ശേഷം ബോഡി ഡബിളുമായാണത്രെ കിം യാത്ര ചെയ്തിരുന്നതെന്ന് പറയപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ കിം ബോഡി ഡബിളിനെ ഉപയോഗിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയുകയാണ് നിരീക്ഷകർ.

ഏപ്രിൽ 11ന് അവസാനമായി പ്രത്യക്ഷപ്പെട്ട കിം ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായതായും മരിച്ചെന്നും വരെയുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ആഴ്ചകൾക്ക് ശേഷം പ്രത്യക്ഷപ്പെട്ട കിമ്മിന് ശസ്ത്രക്രിയ്ക്ക് വിധേയനായതിന്റെ യാതൊരു ലക്ഷണവുമില്ലായിരുന്നു. ഇതോടെയാണ് കിമ്മിന് പകരം ബോഡി ഡബിളിനെയാണോ ഉപയോഗിച്ചതെന്ന വാദം ശക്തമായിരിക്കുന്നത്.

കിമ്മിന്റെ പഴയ ഫോട്ടകളിലെയും ഏറ്റവും പുതിയ ഫോട്ടോകളിലെയും പല്ല്, മൂക്ക്, ഹെയർസ്റ്റൈൽ, മുഖത്തെ ചുളിവുകൾ എന്നിവയെല്ലാം ആഴത്തിൽ പഠിക്കുകയാണ് ചിലർ. പണ്ടത്തെ ഫോട്ടയിൽ നിന്നും ഇപ്പോൾ കിമ്മിന്റെ പല്ലിന് നല്ല വ്യത്യാസമുണ്ടെന്നാണ് ഒരു വിഭാഗം പറയുന്നത്. എന്നാൽ അതുകൊണ്ട് ഒറിജിനൽ കിമ്മിനെയല്ല നമ്മൾ കണ്ടതെന്ന് പറയാനാകില്ലല്ലോ. ഒന്നുകിൽ ചിത്രങ്ങൾ വ്യാജമാകാം അല്ലെങ്കിൽ കിം തന്റെ പല്ല് ഒരു ദന്തിസ്റ്റിന്റെ സഹായത്തോടെ ഒന്ന് മിനുക്കിയതാകാം. !

പഴയ കിം ചിത്രങ്ങളിൽ നിന്നും വ്യത്യസ്ഥമാണത്രെ ഇപ്പോഴത്തെ കിമ്മിന്റെ ചിത്രത്തിലെ ചെവിയുടെ ഘടനയെന്ന് ചൂണ്ടിക്കാണിക്കുന്ന ചിത്രങ്ങളും വ്യാപകമാകുന്നുണ്ട്. ഹെയർസ്റ്റൈലിലും മാറ്റം വന്നിട്ടുണ്ടെന്നാണ് ചിലരുടെ കണ്ടുപിടുത്തം. എന്നാൽ ഇതെല്ലാം തന്നെ ആർക്കും സാധിക്കാത്ത കാര്യങ്ങളല്ലല്ലോ. അതുകൊണ്ട് കിമ്മിന് പകരം ബോഡി ഡബിളിനെയാണ് ഇപ്പോൾ കാണുന്നതെന്ന് ഉറപ്പിക്കാനാകില്ല. കിമ്മിന് പ്ലാസ്റ്റിക് സർജറി കഴി‌ഞ്ഞെന്നും അതാണ് മുഖത്ത് മാറ്റങ്ങളുടെ കാരണമെന്നുമാണ് മറ്റൊരു കണ്ടുപിടുത്തം. യഥാർത്ഥത്തിൽ കടുത്ത മദ്യപാനവും പുകവലിയുമുള്ള കിമ്മിന് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നത് വാസ്ഥവമാണ്. ഇതൊന്നുമല്ല മരണവാർത്തയൊക്കെ കിമ്മിന്റെ നമ്പറായിരുന്നെന്നും തന്റെ കൂടെ തന്നെയുള്ള ശത്രുക്കളെ ചികഞ്ഞെടുക്കാനുള്ള ഐഡിയ ആയിരുന്നെന്നും അഭ്യൂഹമുണ്ട്.