au

മെൽബൺ: കൊവിഡ് വ്യാപനം കുറഞ്ഞുവന്ന സാഹചര്യത്തിൽ ഓസ്‌ട്രേലിയയിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നു. മാർച്ചിലാണ് ഓസ്‌ട്രേലിയയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. കൊവിഡ് വ്യാപനം രാജ്യത്ത് ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ദിവസം ഇരുപതിൽ താഴെ മാത്രമാണ് ഓസ്‌ട്രേലിയയിൽ പുതിയ രോഗികൾ ഉണ്ടാകുന്നത്. സംസ്ഥാനങ്ങളിലേയും പ്രവിശ്യകളിലേയും നേതാക്കളുമായി ഇന്ന് ചർച്ച നടത്തി നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നത് പരിഗണിക്കുമെന്ന് ഓസീസ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ പറഞ്ഞു.
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ കൊവിഡ് വിനാശകരമായി ബാധിച്ചിട്ടുണ്ട്. 30 വർഷത്തെ ആദ്യ സാമ്പത്തിക മാന്ദ്യത്തിലേക്കാണ് ഓസ്‌ട്രേലിയ പ്രവേശിച്ചിരിക്കുന്നത്. ഈ വർഷം ജി.ഡി.പിയിൽ ആറ് ശതമാനം ഇടിവുണ്ടാകുമെന്നും തൊഴിലില്ലായ്മ 10 ശതമാനത്തിൽ എത്തുമെന്നും ഓസ്‌ട്രേലിയൻ റിസർവ് ബാങ്ക് കണക്കാക്കുന്നു. ഇതുവരെ ഓസ്‌ട്രേലിയയിൽ 7000 പേർക്കാണ് രോഗം ബാധിച്ചത്. 97 പേർ മരിച്ചു. എണ്ണൂറോളം പേർ ചികിത്സയിലാണ്.