നെയ്‌റോബി: കൊവിഡ് വ്യാപനം തടഞ്ഞു നിറുത്താനായില്ലെങ്കിൽ ആഫ്രിക്കയിൽ ഒരു വർഷത്തിനുള്ളിൽ 83000 മുതൽ 1.90 ലക്ഷം പേർ വരെ മരിച്ചേക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ആഫ്രിക്കയിൽ കൊവിഡ് നിയന്ത്രണ നടപടികളൊന്നും നടപ്പാക്കിയിട്ടില്ലെന്ന അനുമാനത്തെ അടിസ്ഥാനമാക്കിയാണ് ഇത്തരമൊരു നിരീക്ഷണം.
മിക്ക രാജ്യങ്ങളും പൊതുചടങ്ങുകൾക്കും അന്താരാഷ്ട്ര യാത്രകൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ആഫ്രിക്ക ഇതുവരെയും ഇത്തരം കടുത്ത നടപടികളിലേക്ക് കടന്നിട്ടില്ല. വൈറസ് പരിശോധന നടത്തുകയും കണ്ടെത്തുകയും ചികിത്സിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യേണ്ടതുണ്ട്', ലോകാരോഗ്യ സംഘടനയുടെ ആഫ്രിക്കൻ മേധാവി മാത്ഷിധിസോ മൊയ്തി പ്രത്യേക പ്രസ്താവനയിൽ പറഞ്ഞു.
സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായില്ലെങ്കിൽ ഏകദേശം 3.6 ലക്ഷത്തിനും 55 ലക്ഷത്തിനുമിടയിൽ പേരെ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടേണ്ടിവരും.. അതിൽ 82,0001.67 ലക്ഷം ഓക്സിജൻ ആവശ്യമുള്ള ഗുരുതര കേസുകളും 52,0001.07,ലക്ഷം അതീവ ഗുരുതര കേസുകളുമായിരിക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നൽകുന്നു.
ആഫ്രിക്കയിൽ ഒരു ലക്ഷത്തിന് ഒരു വെന്റിലേറ്റർ ലഭ്യത മാത്രമാണുള്ളത്. ഒരു ലക്ഷം പേർക്ക് ലഭ്യമായ തീവ്രപരിചരണ യൂണിറ്റാവട്ടെ ഒന്നിൽ താഴെയും. അൾജീരിയ, ദക്ഷിണാഫ്രിക്ക, കാമറൂൺ എന്നിവയെയും കൊവിഡ് സാരമായി ബാധിക്കുമെന്ന് സംഘടന മുന്നറിയിപ്പ് നൽകി.