accident

ന്യൂഡൽഹി: രാജ്യത്ത് ലോക്ക് ഡൗൺ കാലത്ത് വിവിധ റോഡപകടങ്ങളിലും കാൽനടയായി നാട്ടിലേക്ക് പോകാൻ ശ്രമിക്കവെയുള്ള അപകടങ്ങളിലും പെട്ട് മരിച്ച അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണം 58 ആയി. വീട്ടിലേക്ക് കാൽനടയായി പോകുന്നതിനിടയിലും ബസ്സിലും ട്രക്കിലും ഒളിച്ച് കയറുന്നതിനിടെയും 42 പേരാണ് മരിച്ചത്. ഇന്ന് മഹാരാഷ്ട്രയിലെ ഔറംഗബാദിൽ ട്രാക്കിൽ കിടന്നുറങ്ങുന്നതിനിടെ കുട്ടികൾ ഉൾപ്പടെ 16 പേർ മരിച്ചതു കൂടി കണക്കുകൂട്ടിയാൽ ലോക്ക്ഡൗണിൽ മരിച്ചവരുടെ എണ്ണം 58 ആകും.

ലോക്ക്ഡൗൺ കാലയളവിൽ രാജ്യത്ത് മൊത്തത്തിൽ വാഹനഗതാഗതം കുറവായിരുന്നതിനാൽ വാഹനാപകടം മൂലമുള്ള മരണസംഖ്യയും കുറവായിരുന്നു. ആകെ രാജ്യത്ത് വാഹനാപകടങ്ങളിൽ മരിച്ചത് 140 പേരാണ്. പക്ഷേ ഇതിൽ 30 ശതമാനത്തിലധികവും അന്യസംസ്ഥാന തൊഴിലാളികളായിരുന്നു. ബസുകളിലോ ട്രക്കുകളിലോ ഒളിച്ച് പോകാൻ ശ്രമിച്ചത് മുതൽ ദേശീയപാത വഴി നടക്കുമ്പോൾ വരുന്ന ട്രക്കുകളും കാറുകളും ഇടിച്ചാണ് ഇതിലധികം പേരും മരിച്ചത്.

അന്യസംസ്ഥാന തൊഴിലാളികൾക്ക് പുറമേ അവശ്യസർവീസുകൾക്ക് പോകുകയായിരുന്ന 17 പേരും വിവിധ വാഹനാപകടങ്ങളിലായി മരിച്ചു. കേരളം ലോക്ക്ഡൗണിലെ വാഹനാപകട മരങ്ങളുടെ കണക്കിൽ രണ്ടാം സ്ഥാനത്താണെന്ന കണക്കും പുറത്തുവന്നിട്ടുണ്ട്. 140 മരണങ്ങളിൽ 100 എണ്ണവും ഡൽഹി, മഹാരാഷ്ട്ര, ഗുജറാത്ത്, അസം, കേരളം, കർണാടക, രാജസ്ഥാൻ, പ‍ഞ്ചാബ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ്. പഞ്ചാബിലാണ് ഏറ്റവും കൂടുതൽ മരണം നടന്നത്.റിപ്പോർട്ട് ചെയ്യപ്പെടാത്ത മരണങ്ങൾ ഇതിന് പുറമേ ഉണ്ടാകാമെന്നും പഠനം പറയുന്നു.