hc

എറണാകുളം: പ്രവാസികളെ തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. ഗള്‍ഫില്‍നിന്ന് പ്രവാസികളെ എത്തിക്കണമെന്നാവശ്യപ്പെട്ട് കെ.എം.എസി.സി നല്‍കിയ ഹര്‍ജിയാണ് ഇന്ന് ഹൈക്കോടതി പരിഗണിച്ചത്‌. പ്രവാസികളെ എത്തിച്ച് തുടങ്ങിയെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഹൈക്കോടതിയില്‍ അറിയിച്ചെങ്കിലും നിരീക്ഷണ കാലാവധി സംബന്ധിച്ച ആശയക്കുഴപ്പം കാരണമാണ്‌ കൂടുതല്‍ വാദത്തിനായി ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്.

നീരീക്ഷണ കാലാവധി ഭേദഗതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാർ അപേക്ഷ കേന്ദ്രത്തിന് കിട്ടിയിട്ടുണ്ടെന്നും എന്നാല്‍ അതില്‍ തീരുമാനമെടുത്തില്ലെന്നും കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. സര്‍ക്കാര്‍ ഒരുക്കുന്ന നിരീക്ഷണ കാലാവധി ഏഴ് ദിവസമാണെന്നും ബാക്കി ഏഴ് ദിവസം വീട്ടില്‍ കഴിഞ്ഞാല്‍ മതിയെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ 14 ദിവസം സര്‍ക്കാര്‍ നിരീക്ഷണത്തിന് ശേഷം നെഗറ്റീവാണെങ്കില്‍ ബാക്കി 14 ദിവസം വീട്ടില്‍ നീരീക്ഷണത്തിലും കഴിയണമെന്നാണ് കേന്ദ്രം പറയുന്നത്. ഇതില്‍ ധാരണയിലെത്തണമെന്നും അല്ലാത്ത പക്ഷം പ്രവാസികളെ തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട് തടസമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും കെ.എം.സി.സിക്ക് വേണ്ടി ഹാജരായ അഡ്വ. ഹാരിസ് ബീരാന്‍ കോടതിയെ അറിയിച്ചു.