fish

തിരുവനന്തപുരം- മറുനാടുകളിൽനിന്ന് കേരളത്തിലേക്ക് മത്സ്യം എത്തിക്കുന്നത് വൻ ലോബി. ദിവസം ഏതാണ്ട് 1,000 ടൺ മത്സ്യമാണ് അതിർത്തി കടന്ന് വരുന്നത്. കൊവിഡ് ലോക്ക് ഡൗണിൽ കേരളത്തിലെ ഹാർബറുകൾ നിശ്ചലമാകുകയും സംസ്ഥാനത്ത് മത്സ്യലഭ്യത കുറയുകയും ചെയ്തത് മുതലാക്കിയാണ് അന്തർ സംസ്ഥാന ബന്ധമുള്ള മത്സ്യക്കച്ചവടക്കാർ ദിവസങ്ങൾ പഴകിയ മീൻ സംസ്ഥാനത്തെത്തിച്ച് വിൽപ്പന നടത്തുന്നത്.

കൊവിഡുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് കർശനമായ വാഹന പരിശോധനകൾ നടക്കുന്നുണ്ടെങ്കിലും പെട്ടെന്ന് ചീഞ്ഞുപോകുന്ന വസ്തുവായതിനാൽ മത്സ്യം കയറ്റിവരുന്ന വാഹനങ്ങൾ പൊലീസ് സാധാരണ പരിശോധിക്കാറില്ല.. ചെക്ക് പോസ്റ്റുകളിലും വാഹനത്തിന്റെ രേഖകൾ മാത്രമാണ് പലപ്പോഴും പരിശോധിക്കുക.. ഭക്ഷ്യസുരക്ഷാ വകുപ്പോ ഹെൽത്ത് സ്ക്വാഡോ വല്ലപ്പോഴുമേ ഇവിടങ്ങളിൽ പരിശോധനയ്ക്കെത്തൂവെന്നതിനാൽ അതിർത്തി കടന്നാൽ കേരളത്തിലെവിടെയും ഇവർക്ക് മത്സ്യം ഇറക്കാം. തെക്കൻ കേരളത്തിൽ കരുനാഗപ്പള്ളി,​ കല്ലമ്പലം,​ ആലംകോട് എന്നിവിടങ്ങളിലുളള വമ്പൻമാരാണ് കമ്മിഷൻ കടകളെന്ന പേരിൽ അന്യസംസ്ഥാനത്ത് നിന്ന് മത്സ്യം ഇറക്കി വ്യാപാരം നടത്തുന്നത്. ഹോട്ടലുകൾ ,​റസ്റ്റോറന്റുകൾ,​ കാറ്ററിംഗ് സർവ്വീസുകാർ എന്നിവർക്ക് കുറഞ്ഞവിലയിൽ അയൽസംസ്ഥാനത്ത് നിന്ന് മത്സ്യം എത്തിച്ചുകൊടുക്കുന്ന ഇവർ ആന്ധ്ര, മംഗലാപുരം, കർണാടകം, തമിഴ്‌നാട് എന്നിവിടങ്ങളിൽനിന്നു കൊണ്ടുവരുന്ന മത്സ്യം കേടാകാതിരിക്കാൻ ഐസ് മാത്രമാണ് ആദ്യകാലത്ത് ഉപയോഗിച്ചിരുന്നത്. ദിവസങ്ങൾ നീണ്ട യാത്രയായതിനാൽ ഐസ് ഉപയോഗിച്ചാലും മീൻ കേടാകുമെന്ന സ്ഥിതിയുണ്ടായപ്പോഴാണ് ഐസിനു പകരം രാസവസ്തുക്കളുടെ പ്രയോഗം തുടങ്ങിയത്. ഫോർമാലിനും അമോണിയയുമാണ് വ്യാപകമായി ഉപയോഗിച്ചു വന്നത്.

ഇൻസുലേറ്റഡ് ലോറികളിലും സാധാരണ വാനുകളിലും മീനുകൾ വരുന്നുണ്ട്. സാധാരണ വാനുകളിൽ മീൻ കയറ്റിയാൽ വേഗം മോശമാകും. ഇത് പരിഹരിക്കാനാണ് രാസവസ്തുക്കൾ ചേർക്കുന്നത്. കേരളത്തിൽ കൊണ്ടുവരുന്ന മീൻ സംഭരിക്കാൻ എമ്പാടും രഹസ്യ കേന്ദ്രങ്ങളുണ്ട്. കച്ചവടക്കാരുടെ കസ്റ്റഡിയിലുള്ള കേന്ദ്രങ്ങളിലാണ് ഇവ സൂക്ഷിക്കുന്നത്. വലിയ മാർക്കറ്റുകൾ കേന്ദ്രീകരിച്ച് സംഭരണ ഗോഡൗണുകളുണ്ട്. വീടുകളിൽ തന്നെ മീൻ ശേഖരിക്കുന്ന കച്ചവടക്കാരുമുണ്ട്. ദൂരെയുള്ള മാർക്കറ്റുകളിലേക്ക് രാസവസ്തുക്കൾ കലർത്താതെ മീൻ എത്തിക്കാൻ ആരും മുതിരാറില്ല.

അതിർത്തി കടന്നുള്ള മീൻ കച്ചവടം കോടികളുടെ ബിസിനസാണ്. എല്ലാ ജില്ലകളിലും ഏജന്റുമാരുണ്ട്. ഇവരുടെ നിയന്ത്രണത്തിലാണ് വിപണന ശൃംഖല. കാര്യമായ നിയമ സംവിധാനങ്ങളില്ലാതിരുന്നതിനാൽ പേടി കൂടാതെ പ്രവർത്തിക്കാൻ കഴിയുന്ന മേഖലയായിരുന്നു ഇത്. രാത്രിയും പുലർകാലങ്ങളിലുമാണ് മീൻ വണ്ടികൾ മാർക്കറ്റുകളിലെത്തുന്നത്. അതത് ദിവസം വിറ്റു തീരാത്ത മത്സ്യം മാർക്കറ്റുകളിലോ ഗോഡൗണുകളിലോ സൂക്ഷിക്കും. സോഡിയം ബെൻസോവേറ്റ് പോലുളള രാസപദാർഥങ്ങൾ ചേർക്കുന്നതിനാൽ മീൻ ആഴ്ചകളോളം ഒരു കുഴപ്പവുമില്ലാതിരിക്കും. കേരളത്തിൽ ചൂട് കാലത്ത് പൊതുവിൽ മത്സ്യത്തിന് ക്ഷാമം നേരിടാറുള്ള സമയമാണ് .. ഇത് മുതലെടുത്ത് അയൽ സംസ്ഥാനങ്ങളിൽ നിന്ന് തിരിവ് മത്സ്യങ്ങളും വളത്തിനും മറ്റും ഉപയോഗിക്കുന്ന പഴകിയ മത്സ്യവും തുച്ഛമായ വിലനൽകി വാഹനങ്ങളിൽ കയറ്റും. പഴകിയതും പുഴുവരിച്ചതുമായ മത്സ്യം ലോറികൾക്കുള്ളിൽ അടുക്കിയശേഷം പുറമേ അടുത്തുള്ള ഹാർബറുകളിൽനിന്ന് ഏതാനും ബോക്സ് പഴക്കമില്ലാത്ത മത്സ്യവും കയറ്റും.. വഴിമദ്ധ്യേ ആരെങ്കിലും പരിശോധിച്ചാൽ പുറമേ കാണുന്നത് ഫ്രഷായ മത്സ്യമായിരിക്കും. മീൻ നിറച്ച് വരുന്ന വാഹനങ്ങളിലെ ദുർഗന്ധവും ഐസിന്റെ തണുപ്പും മറ്റും കാരണം ഉദ്യോഗസ്ഥർ വാഹനത്തിനുള്ളിൽ കടന്ന് പരിശോധിക്കാൻ തയ്യാറാകാറില്ല. ചെക്ക് പോസ്റ്റുകളിലും പരിശോധനാവേളകളിലും വാഹനത്തിനുള്ളിൽ കയറി ബോക്സുകളിൽ നിന്ന് മത്സ്യം ശേഖരിക്കുന്നത് ചില സ്ഥിരം ആളുകളാണ്. മത്സ്യം കടത്തികൊണ്ടുവരുന്നവർ ഇവരെ പണവും മറ്റും നൽകി സ്വാധീനിക്കുന്നതിനാൽ ഇവർ പഴകിയ മത്സ്യം വാഹനത്തിലുണ്ടായാൽ തന്നെ അതിൽ നിന്ന് സാമ്പിൾ പരിശോധനയ്ക്ക് എടുക്കുകയോ ഉദ്യോഗസ്ഥരെ ഇക്കാര്യം അറിയിക്കുകയോ ചെയ്യാറില്ല.

ഇന്ന് എട്ടുടൺ മത്സ്യം പിടികൂടിയ ഓച്ചിറയിൽ സ്ഥിരമായി ഉദ്യോഗസ്ഥരെ പരിശോധനയ്ക്ക് സഹായിച്ചിരുന്നത് ലോക്ക് ഡൗൺ കാരണം നാട്ടിൽപോകാതെ കുടുങ്ങിയ ടൂറിസ്റ്റ് ബസിന്റെ ഗ്യാരേജിലെ ജീവനക്കാരാണ്. മത്സ്യവാഹനങ്ങളിൽ നിന്ന് ഇവർ കൈമാറുന്ന സാമ്പിളുകൾ പരിശോധിച്ച് വാഹനം പോകാൻ അനുവദിക്കുന്നതായിരുന്നു ഇവിടുത്തെ രീതി. ഇന്ന് ഇവർ‌ക്ക് പകരം ജീവനക്കാർ നേരിട്ട് വാഹനങ്ങളിൽ കടന്ന് പരിശോധിച്ചപ്പോഴാണ് എട്ടുടണ്ണോളം ചീഞ്ഞ മത്സ്യം പിടികൂടാനായത്. അയൽ സംസ്ഥാനങ്ങളിൽ നിന്ന് തുച്ഛമായ വിലക്കെത്തിക്കുന്ന മത്സ്യം ലോക്ക് ഡൗണും മത്സ്യ ക്ഷാമവും മുതലെടുത്ത് വൻവിലയ്ക്കാണ് കമ്മിഷൻ ഏജന്റുമാരും കച്ചവടക്കാരും വിറ്റഴിക്കുന്നത്..