റോം: കൊവിഡ് ലോക്ക്ഡൗണിന് ശേഷം ആരാധനാലയങ്ങൾ തുറക്കാനൊരുങ്ങി ഇറ്റലി. ഇറ്റലായിൻ പള്ളികളിൽ കുർബാന, മാമോദിസ, കല്യാണം, മരണാനന്തര ചടങ്ങുകൾ തുടങ്ങിയ മേയ് 18 മുതൽ പുനരാരംഭിക്കും. പള്ളികളിലെത്തുന്നവർ കൊവിഡിനെതിരെയുള്ള സർക്കാരിന്റെ കർശന നിർദ്ദേശങ്ങൾ പാലിക്കേണ്ടി വരും. മാർച്ച് ആദ്യം രാജ്യത്ത് കൊവിഡ് ലോക്ക്ഡൗൺ പ്രഖ്യാപിച്ച നാളുകൾ മുതൽ ആരാധനാലയങ്ങളിലെ പൊതു ചടങ്ങുകൾ നിരോധിച്ചിരിക്കുകയായിരുന്നു. പള്ളികളിൽ എത്തുന്നവർ അകലം പാലിക്കുകയും മാസ്കുകൾ ധരിക്കുകയും വേണമെന്ന് ഇറ്റാലിയൻ സർക്കാർ പുറത്തിറക്കിയ മാർഗരേഖയിൽ പറയുന്നു.
അതേ സമയം വിശുദ്ധ ജലത്തിന്റെ ഉപയോഗം, ഹസ്തദാനം എന്നിവയ്ക്ക് നിയന്ത്രണമുണ്ട്. പുരോഹിതർ ഗ്ലൗസുകൾ ധരിക്കണം. സാധാരണ ഇടുങ്ങിയ കൂടിനുള്ളിൽ നടക്കുന്ന കുമ്പസാരം, വായുസഞ്ചാരം കൂടിയ വിസ്തൃതമായ സ്ഥലത്തേക്കോ പുറത്തേക്കോ മാറ്റാം. പള്ളികളുടെ വാതിലുകൾ തുറന്നിടണം. ചടങ്ങുകൾ കഴിഞ്ഞ ശേഷം ഉൾവശം അണുവിമുക്തമാക്കണം.
ലോക്ക്ഡൗൺ കാലത്തും ഇറ്റലിയിലെ ചില ആരാധനാലയങ്ങളിൽ പ്രാർത്ഥനാച്ചടങ്ങുകൾ നടന്നിരുന്നു. എന്നാൽ വിശ്വാസികൾക്ക് പ്രവേശനമില്ലായിരുന്നു. ലോകത്ത് ഏറ്റവും കൂടുതൽ കൊറോണ രോഗികളുള്ള മൂന്നാമത്തെ രാജ്യമാണ് ഇറ്റലി. ഇതേവരെ 2,15,858 പേർക്കാണ് ഇറ്റലിയിൽ രോഗം സ്ഥിരീകരിച്ചത്. 29,958 പേർ മരിച്ചു. ഇറ്റലിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,401 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 274 പേർ മരിക്കുകയും ചെയ്തു.