കൊവിഡ് സൃഷ്ടിച്ച അനിശ്ചിതത്വത്തിനു നടുവിൽ വിദേശ രാജ്യങ്ങളിൽ നിന്ന്, പ്രത്യേകിച്ചും ഗൾഫ് നാടുകളിൽ നിന്ന് പ്രവാസികൾ കേരളത്തിലേക്കു എത്തിത്തുടങ്ങിയിരിക്കുകയാണ്. ജന്മനാടിന്റെ കരുതലും സ്നേഹവും ആവോളം ഏറ്റുവാങ്ങിയാണ് അവരുടെ മടക്കം. ഭാവിയെക്കുറിച്ച് അതിയായി ഉത്‌ക്കണ്ഠപ്പെടുന്നവരാണ് പ്രവാസികളിൽ അധികം പേരും. അതേസമയം നല്ല സമ്പാദ്യവും ഏതു വെല്ലുവിളിയും നേരിടാൻ കെല്പുള്ള ഉറച്ച മനസ്സുള്ളവരും പ്രാവസികളുടെയിടയിലുണ്ട്. ശിഷ്ടകാലം നാട്ടിൽത്തന്നെ കൂടാൻ ആഗ്രഹിക്കുന്നവരും ധാരാളമുണ്ട്.
മഹാമാരിയുടെ ആഘാതത്തിൽ അടിമുടി ഉലഞ്ഞും തകർന്നും നിൽക്കുകയാണ് സംസ്ഥാനത്തെ സാമ്പത്തിക മേഖല. സാധാരണഗതിയിലുള്ള നടപടികൾ കൊണ്ടൊന്നും സ്ഥിതി പഴയ പടിയാക്കാനാവില്ലെന്ന യാഥാർത്ഥ്യവും മുന്നിലുണ്ട്. എന്നാൽ ഏതു പ്രതികൂലാവസ്ഥയും പുതിയ അവസരങ്ങളാക്കി മാറ്റിയെടുക്കുന്നിടത്താണ് സാമർത്ഥ്യവും വിജയവും ഇരിക്കുന്നത്. സർക്കാരായാലും വ്യക്തികളായാലും ഒഴുക്കിനെതിരെ നീന്തേണ്ടിവരുന്ന സന്ദർഭങ്ങൾ ഉണ്ടാകും. തളരാതെ അതിൽ വിജയിക്കാൻ കഴിയുമ്പോഴാണ് കരുത്തും സാമർത്ഥ്യവും പ്രകടമാകുന്നത്.
മടങ്ങിയെത്തുന്ന പ്രവാസികളെ സംസ്ഥാനം ഉൾക്കൊണ്ടാൽ മാത്രം പോരാ. അവരുടെ സമ്പത്തും ശേഷിയും വൈദഗ്ദ്ധ്യവും സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയെ പരിപോഷിപ്പിക്കും വിധത്തിൽ പ്രയോജനപ്പെടുത്താൻ കഴിഞ്ഞാൽ കൊവിഡ് സൃഷ്ടിച്ച വലിയ തകർച്ചയുടെ ആഘാതം ഒരു പരിധിവരെ ഇല്ലാതാക്കാൻ കഴിയും. പ്രവാസികളിൽ പലരുടെയും പക്കൽ ആവശ്യത്തിനു പണമുണ്ടാകും.
സുരക്ഷിതമായി അതു ഇവിടെ എങ്ങനെ നിക്ഷേപിക്കാനാകുമെന്നതിലാകും അവർക്ക് ആശങ്കയും ലക്ഷ്യബോധമില്ലായ്മയും. ഇവിടെയാണ് സർക്കാർ ഉണർന്നു പ്രവർത്തിക്കേണ്ടത്. നിക്ഷേപ രംഗത്ത് പ്രവാസികളെ പരമാവധി ആകർഷിക്കാനുള്ള മാർഗങ്ങൾ ആവിഷ്കരിച്ച് അവതരിപ്പിക്കണം. അതിനു തുടക്കമിട്ടിട്ടുണ്ടെങ്കിലും ക്രിയാത്മക നടപടികളിലൂടെ അത് കൂടുതൽ ശ്രദ്ധേയമാക്കണം. വ്യവസായങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് ലൈസൻസിനും മറ്റു അനുമതികൾക്കുമായി കാത്തിരിക്കേണ്ടതില്ലെന്ന പുതിയ നിലപാട് ഇതിനകം എടുത്തിട്ടുണ്ട്. അപേക്ഷ നൽകിയാൽ ഒരാഴ്ചയ്ക്കകം ഇതൊക്കെ നൽകുമെന്നാണു പ്രഖ്യാപനം. സംരംഭം തുടങ്ങി ഒരു വർഷത്തിനകം സർക്കാരുമായി ബന്ധപ്പെട്ട അനുമതിപത്രങ്ങളെല്ലാം ക്രമപ്പെടുത്തിയാൽ മതിയാകും. ഇതോടൊപ്പം തന്നെ വ്യവസായം തുടങ്ങാനാവശ്യമായ ഓരോ നടപടിയും വ്യക്തമാക്കുന്ന പട്ടിക തയ്യാറാക്കി സർക്കാർ പ്രസിദ്ധീകരിക്കണം.
നടപടിക്രമങ്ങളുടെ സുതാര്യതയിലാണ് നിക്ഷേപകർക്കു താത്‌പര്യം. സംസ്ഥാനത്തെ വ്യവസായാന്തരീക്ഷത്തെക്കുറിച്ച് സംസ്ഥാനത്തിനു പുറത്ത് നിലനിന്നിരുന്ന പേരുദോഷം ഒട്ടുമുക്കാലും ഇതിനകം മാറ്റാൻ കഴിഞ്ഞിട്ടുണ്ട്. വൈദ്യുതി, വെള്ളം, വിദഗ്ദ്ധ തൊഴിലാളികളുടെ ലഭ്യത, ലോജിസ്റ്റിക് സൗകര്യങ്ങൾ തുടങ്ങിയവയുടെ കാര്യത്തിലും സംസ്ഥാനം സമ്പന്നമാണ്. വ്യവസായികളെ ബുദ്ധിമുട്ടിച്ചിരുന്ന തൊഴിലാളി പ്രശ്നത്തിനും വലിയ തോതിൽ പരിഹാരമുണ്ടായിട്ടുണ്ട്. ഇതൊക്കെ കേരളത്തെ നിക്ഷേപ സൗഹൃദമാക്കാൻ സഹായിക്കുന്ന അനുകൂല ഘടകങ്ങൾ തന്നെയാണ്.
മടങ്ങിയെത്തുന്ന പ്രവാസികളിൽ ബിസിനസ് താത്‌പര്യമുള്ള കുറച്ചുപേരെങ്കിലും കാണാതിരിക്കില്ല. അവരെ ആകർഷിക്കാനുതകുന്ന നിക്ഷേപ സംരംഭങ്ങൾ കണ്ടെത്താൻ സർക്കാരിനു കഴിയണം. സംസ്ഥാനത്തിന്റെ ഏറ്റവും വലിയ മുതൽക്കൂട്ട് എന്നു പറയാവുന്നത് മനുഷ്യശക്തി തന്നെയാണ്. ലോക രാജ്യങ്ങൾ അംഗീകരിച്ച കാര്യമാണത്. ഗൾഫ് നാടുകളിൽ നിന്നും മറ്റു വിദേശ രാജ്യങ്ങളിൽ നിന്നും മടങ്ങിയെത്തുന്നവരിൽ നല്ലൊരു വിഭാഗം ഏതു തൊഴിലിലും വൈദഗ്ദ്ധ്യം ഉള്ളവരാണ്. അവരുടെ തൊഴിൽ നൈപുണ്യം പ്രയോജനപ്പെടുത്താൻ പര്യാപ്തമായ പുതിയ സംരംഭങ്ങൾക്ക് നല്ല സാദ്ധ്യതകളുണ്ട്. അതിഥി തൊഴിലാളികൾ തങ്ങളുടെ നാട്ടിലേക്കു മടങ്ങിയാൽ എന്തുചെയ്യുമെന്ന ആശങ്ക പലരിലുമുണ്ട്. അവരുടെ സ്ഥാനങ്ങൾ ഏറ്റെടുക്കാൻ വേണ്ടത്ര ആളുകൾ ഇവിടെ ഉണ്ട്. തൊഴിലൊന്നും ചെയ്യാതെയിരിക്കുന്നവരെ രംഗത്തു കൊണ്ടുവരാൻ സർക്കാരിനു കഴിയണം. വൻതോതിൽ തൊഴിലാളികളെ ഉൾക്കൊള്ളുന്ന വൻകിട വ്യവസായ സ്ഥാപനങ്ങൾ തുടങ്ങി തൊഴിലില്ലായ്മ പരിഹരിച്ചുകളയാം എന്ന മോഹമൊന്നും നടക്കാൻ പോകുന്നില്ല. ചെറുകിട, ഇടത്തരം വ്യവസായശാലകളാണ് നാടിന്റെ ഇന്നത്തെ ആവശ്യം. നിർമ്മാണ സാമഗ്രികളുടെ വൈവിദ്ധ്യം നോക്കിയാലറിയാം അയൽ സംസ്ഥാനങ്ങൾ ഈ രംഗത്തു പുലർത്തുന്ന പൂർണ ആധിപത്യം. മുള്ളാണി മുതൽ സകല ഉത്‌പന്നങ്ങളും എത്തുന്നത് അന്യദേശത്തു നിന്നാണ്. വിചാരിച്ചാൽ അവയൊക്കെ ഇവിടെയും ഉത്‌പാദിപ്പിക്കാവുന്നതാണ്. കുറഞ്ഞ മുതൽമുടക്കേ ആവശ്യമുള്ളൂ. പരിധിയില്ലാത്തത്ര അവസരങ്ങളുണ്ട് ഇതുപോലുള്ള സംരംഭങ്ങളിൽ.
അവസരങ്ങൾ സന്ദർഭത്തിനനുസരിച്ച് മുതലാക്കാൻ കഴിയുമ്പോഴാണ് വിജയത്തിന്റെ പുതിയ ഉന്നതങ്ങളിൽ എത്താനാവുക. കൊവിഡ് മഹാമാരി എല്ലാ മേഖലകളെയും തളർത്തുമ്പോൾത്തന്നെ ഒട്ടേറെ പുതിയ അവസരങ്ങളും തുറന്നിടുന്നുണ്ട്. അത് കണ്ടറിഞ്ഞ് ബുദ്ധിപൂർവം കാര്യങ്ങൾ ചെയ്യാൻ കഴിയണം. പ്രവാസികളുടെ അധിക സമ്പത്ത് ഉത്‌പാദന മേഖലകളിൽ നിക്ഷേപിക്കാൻ അവരെ പ്രേരിപ്പിക്കണം. വ്യവസായ സംരംഭങ്ങൾ തുടങ്ങുന്നതിന് അവരിൽ ആത്മവിശ്വാസം ജനിപ്പിക്കണം. അതുമാത്രം പോരാ. ഇതുമായി ബന്ധപ്പെട്ട സർക്കാർ നടപടികൾ ലഘൂകരിക്കുകയും തടസങ്ങൾ ഉണ്ടാവുകയില്ലെന്നു ഉറപ്പുവരുത്തുകയും വേണം. സർക്കാരിന്റെ സമീപനം എന്തെന്ന് ഉദ്യോഗസ്ഥ തലത്തിലും വേണ്ടത്ര ധാരണയുണ്ടാകണം. എന്തിനുമേതിനും പ്രതിബന്ധമുണ്ടാക്കുന്ന ഉദ്യോഗസ്ഥ ശൈലി ഉൾക്കൊള്ളാൻ സംരംഭകർക്ക് കഴിഞ്ഞെന്നുവരില്ല. പൂർണമായും നിക്ഷേപക സൗഹൃദ സംസ്ഥാനമായി മാറാനായാൽ സംസ്ഥാനത്തിന് വ്യവസായ രംഗത്ത് വലിയ നേട്ടങ്ങൾ കൈവരിക്കാനാകും. മഹാമാരി കൊണ്ടുവന്ന ഇരുട്ടിലും കേരളത്തെ പ്രകാശമാനമാക്കുന്ന ഒട്ടേറെ നല്ല ഘടകങ്ങളുണ്ട്. ഏതു രംഗത്തും പ്രയോജനപ്പെടുത്താനാവുന്ന അസംഖ്യം വിദഗ്ദ്ധ തൊഴിലാളികളുടെ സാന്നിദ്ധ്യമാണ് അതിലൊന്ന്. ശേഷിയുള്ള നിക്ഷേപകരാണ് മറ്റൊന്ന്. ഈ രണ്ടു മേഖലകളും ഒരേ മനസ്സോടെ നീങ്ങിയാൽ പുതിയൊരു കേരളത്തിന്റെ പിറവിയാകും അത്. കൃഷി, മത്സ്യബന്ധനം, ക്ഷീരവികസനം തുടങ്ങിയ മേഖലകൾക്കായി മാത്രം സർക്കാർ 3800 കോടി രൂപയുടെ പദ്ധതി നടപ്പാക്കാൻ ഒരുങ്ങുകയാണ്. പ്രവാസി നിക്ഷേപത്തിന് ഈ മേഖലകളിലും വമ്പിച്ച സാദ്ധ്യതകളാണുള്ളത്.