ന്യൂഡൽഹി: ഭർത്താവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷം അത് കൊവിഡിന്റെ തലയിൽ വച്ചുകെട്ടി രക്ഷപ്പെടാൻ ശ്രമിച്ച യുവതി അറസ്റ്റിൽ. ഇവരുടെ കാമുകനെ ഇതുവരെ പൊലീസിന് പിടികിട്ടിയിട്ടില്ല. ഇയാൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. നോർത്ത് വെസ്റ്റ് ഡൽഹിയിലെ അശോക് വിഹാറിൽ ശരത് ദാസ് (46) ആണ് കൊല്ലപ്പെട്ടത്. ഭാര്യ അനിതയാണ് (30) അറസ്റ്റിലായത്. ഉറങ്ങികിടന്നിരുന്ന ശരത് ദാസിനെ ഭാര്യ അനിതയും കാമുകൻ സഞ്ജയും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു.
കൊവിഡ് ബാധിച്ച് ഭർത്താവ് മരിച്ചെന്ന് യുവതി അയൽവാസികളോട് പറഞ്ഞു. ഇതുകേട്ട. അയൽവാസികൾ പേടിച്ച് ഉടൻ പൊലീസിനെ അറിയിച്ചു. ഇതോടെയാണ് കളളി വെളിച്ചത്തായത്. പൊലീസ് എത്തി മൃതദേഹം പോസ്റ്റ് പോസ്റ്റ്‌മോർട്ടത്തിനയച്ചു. ശരത് ദാസ് ശ്വാസം മുട്ടിയാണ് മരിച്ചതെന്നും ബലപ്രയോഗം നടന്നിട്ടുണ്ടെന്നും പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി. മാത്രവുമല്ല, ശരത്തിന് വൈറസ് ബാധയുടെ ലക്ഷണങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നുവെന്ന് പ്രദേശവാസികൾ പൊലീസിന് മൊഴിയും നൽകി,
തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് അനിത കുറ്റം സമ്മതിച്ചത്.താൻ സഞ്ജയ് എന്ന യുവാവുമായി പ്രണയത്തിലാണെന്നും അയാൾക്കൊപ്പം ജീവിക്കാനാണ് ഭർത്താവിനെ കൊന്നതെന്നും അനിത പൊലീസിനോട് പറഞ്ഞു.
സഞ്ജയുമായുള്ള പ്രണയമറിഞ്ഞ ശരത് ദാസ് തന്നോട് മോശമായി പെരുമാറിയെന്നും തുടർന്ന് സഞ്ജയെ വീട്ടിലേക്ക് വിളിച്ചു വരുത്തി ഉറങ്ങിക്കിടന്നിരുന്ന ശരത്തിനെ പുതപ്പ് ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് അനിത മൊഴി നൽകി.