ജക്കാർത്ത: ഇന്തോനേഷ്യയിൽ ആയിരക്കണക്കിന് മണ്ണിരകൾ മണ്ണിനടിയിൽ നിന്നും കൂട്ടത്തോടെ പുറത്തു വന്നത് പരിഭ്രാന്തി സൃഷ്ടിച്ചു. പ്രതിഭാസം ഭൂചലനത്തിന് മുന്നോടിയാണ് എന്ന ആശങ്ക ഉയർന്നെങ്കിലും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇത് തള്ളി. കഴിഞ്ഞ ദിവസമാണ് പടിഞ്ഞാറൻ നൂസ ടെങ്കാരയിലെ ലോംബോക്കിൽ ആയിരക്കണക്കിന് മണ്ണിരകൾ മണ്ണിനടിയിൽ നിന്നും പുറത്തു വരുന്നതിന്റെ ദൃശ്യങ്ങൾ വൈറലായത്. എന്നാൽ ഇത് ഭൂചലനത്തിന്റെ മുന്നോടിയായി ഉണ്ടായ പ്രതിഭാസമല്ലെന്ന് ഇന്തോനേഷ്യൻ മെറ്ററോളജി, ക്ലൈമറ്റോളജി ആൻഡ് ജിയോഫിസിക്സ് ഏജൻസി അറിയിച്ചു. മണ്ണിരകൾ കൂട്ടത്തോടെ പുറത്തുവരുന്ന പ്രതിഭാസം കണ്ട ഒരു നാട്ടുകാരനാണ് വീഡിയോ ചിത്രീകരിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
ഇതോടെ ഭൂകമ്പം ഉണ്ടാകാൻ പോകുന്നതിന്റെ മുന്നറിയിപ്പാണിതെന്ന തരത്തിലുള്ള വാർത്തകളുണ്ടായി. 2018 ജൂലൈയ്ക്കും ഓഗസ്റ്റിനുമിടയിൽ പടിഞ്ഞാറൻ നൂസ ടെങ്കാര പ്രവിശ്യയിൽ ശക്തമായ ഭൂചലനങ്ങൾ ഉണ്ടായിരുന്നു. പതിനായിരക്കണക്കിന് കെട്ടിടങ്ങൾക്ക് നാശനഷ്ടമുണ്ടാകുകയും നൂറിലേറെ പേർ മരിക്കുകയും ചെയ്തിരുന്നു. ദുരന്തത്തിന്റെ ആഘാതത്തിൽ നിന്നും ഇവിടത്തെ ജനങ്ങൾ ഇതേവരെ മുക്തരായിട്ടില്ല. ഇതിനിടെയിലാണ് പരിഭ്രാന്തി സൃഷ്ടിച്ചുകൊണ്ട് മണ്ണിരകൾ കൂട്ടമായി പുറത്തെത്തിയത്. ഇത് സംബന്ധിച്ച് ഫേസ്ബുക്കിൽ ആദ്യം പോസ്റ്റ് ചെയ്യപ്പെട്ട വീഡിയോ വ്യാജമല്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.
കാലാവസ്ഥയിൽ പെട്ടെന്നുണ്ടായ മാറ്റാമാകാം മണ്ണിരകൾ പുറത്തുവരാനിടയാക്കിയതെന്ന് അധികൃതർ പറയുന്നു. അതേ സമയം, ഇന്തോനേഷ്യയിൽ ഏറ്റവും കൂടുതൽ ഭൂചലന സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ ഒന്നായതിനാൽ ലോംബോക്കിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ പറഞ്ഞു.