കിളിമാനൂർ: കൊവിഡിന് ശേഷം വരാൻ പോകുന്ന ഭക്ഷ്യക്ഷാമവും, തരിശ് രഹിത നിലങ്ങളുടെ അനിവാര്യതയും മനസിലാക്കി വിപുലമായ ജൈവ കൃഷിക്ക് തുടക്കം കുറിക്കാൻ ഒരുങ്ങുകയാണ് കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത്. സോളാർ പാനൽ നിർമ്മിച്ച് വൈദ്യുതി ഉല്പാദിച്ച് സ്വന്തം ചെലവിന് ശേഷം വൈദ്യുതി കെ.എസ്.ഇ.ബി.ക്ക് നൽകിയും, ജില്ലയിൽ ആദ്യമായി ഗ്യാസിലും വൈദ്യതിയിലും പ്രവർത്തിക്കുന്ന വൈദ്യുത ശ്മശാനം "സ്നേഹതീരം " സ്ഥാപിച്ചും. നിർദ്ധനർക്ക് കെട്ടിട സമുച്ചയം സ്ഥാപിച്ചും, ലൈഫ് മിഷൻ പദ്ധതി പ്രകാരം വീടു ലഭിച്ചവർക്ക് സൗജന്യമായി സിമന്റ് കട്ടകൾ നിർമ്മിച്ചു നൽകിയും, പ്ലാസ്റ്റിക് സംസ്കരണ യൂണിറ്റ് സ്ഥാപിച്ചുമൊക്കെ സംസ്ഥാനത്തിന് തന്നെ മാതൃകയായ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് ഇപ്പോൾ തരിശിടങ്ങളെ പൊന്നണിയിക്കാൻ ഒരുങ്ങുകയാണ്. ബ്ലോക്കിന് കീഴിലെ എട്ട് പഞ്ചായത്തുകളിലെ തരിശിടങ്ങൾ ഇനി പൊന്നണിയും.