ഏഥൻസ്: വൈറസിനെ പൂർണമായും തുടച്ചു മാറ്റിയില്ലെങ്കിലും രോഗവ്യാപനത്തെ നിയന്ത്രണാവിധേയമാക്കിയതോടെ കൊവിഡിനെ കീഴടക്കിയതായി പ്രഖ്യാപിച്ച് ഗ്രീസ്. ജൂലായ് ഒന്ന് മുതൽ രാജ്യം പതിയെ ടൂറിസ്റ്റുകൾക്ക് തുറന്ന് കൊടുക്കും. രാജ്യത്തെത്തുന്ന ടൂറിസ്റ്റുകളെ പരിശോധനയ്ക്ക് വിധേയമാക്കും. മാസ്ക്ക് ധരിച്ച് അകലം പാലിച്ച് നടക്കുകയാണെങ്കിൽ വിനോദ സഞ്ചാരികൾക്ക് ഗ്രീസിലെ മ്യൂസിയങ്ങളും ചരിത്രസ്മാരകങ്ങളും പ്രകൃതി രമണീയമായ സ്ഥലങ്ങളുമൊക്കെ കാണാം.
അതേസമയം, ബാറുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.ഏഥൻസിലെ അക്രൊപൊലിസ് ഉൾപ്പെടെയുള്ള ചരിത്രപ്രധാനമായ കേന്ദ്രങ്ങൾ മേയ് 18 ഓടെ രാജ്യത്തെ പൊതുജനങ്ങൾക്കായി തുറക്കുമെന്ന് അധികൃതർ അറിയിച്ചു. ബാലെ ഉൾപ്പെടയുള്ള കലാ സാംസ്കാരിക പ്രകടനങ്ങൾ ജൂലായ് പകുതിയോടെ ഓപ്പൺ - എയർ ഓഡിറ്റോറിയങ്ങളിൽ തുടങ്ങാൻ സാധിക്കുമെന്നാണ് കരുതുന്നത്.
ആദ്യം തന്നെ കർശന ലോക്ക്ഡൗൺ നടപ്പാക്കിയ ഗ്രീസിൽ ഇതേവരെ 148 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 2,678 പേർക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 15 പേർക്ക് ഗ്രീസിൽ കൊവിഡ് സ്ഥിരീകരിച്ചു. ഒരാൾ മാത്രമാണ് രോഗബാധയെ തുടർന്ന് രാജ്യത്ത് മരിച്ചത്. ഡ്രോൺ സംവിധാനം ഉൾപ്പെടെ ഉപയോഗിച്ചാണ് മെഡിറ്ററേനിയൻ രാജ്യമായ ഗ്രീസിൽ ആളുകൾ കൂട്ടംകൂടുന്നത് തടഞ്ഞിരുന്നത്. മാർച്ച് 12ന് ശേഷം കഴിഞ്ഞ തിങ്കളാഴ്ച മുതൽ ഹെയർ സലൂൺ, ബുക്ക് സ്റ്റോൾ തുടങ്ങിയവ തുറന്ന് പ്രവർത്തിക്കാൻ തുടങ്ങിയിട്ടുണ്ട്. വിനോദ സഞ്ചാരമാണ് ഗ്രീസിന്റെ പ്രധാന വരുമാന സ്രോതസ്. എന്നാൽ മാർച്ച് മാസം മുതൽ രാജ്യത്ത് നിയന്ത്രണങ്ങൾ നടപ്പാക്കിയതോടെ ടൂറിസം വരുമാനത്തിൽ വൻ ഇടിവാണ് ഉണ്ടായിരിക്കുന്നത്.