വർക്കല: തെരുവിൽ അലയുന്നവർക്കും ഒറ്റപ്പെട്ട് ജീവിക്കുന്നവർക്കും ലോക്ക് ഡൗൺ കാലത്ത് മൂന്നുനേരവും അന്നം വിളമ്പുന്ന നകുലന് അവർ പ്രതിഫലമായി നൽകുന്ന പുഞ്ചിരിയാണ് പ്രചോദനം.രണ്ടു മാസമായി തുടരുന്ന ഭക്ഷണ വിതരണം ആദ്യം ഒറ്റയ്ക്കായിരുന്നെങ്കിൽ ഇന്ന് അയൽക്കാരുൾപ്പടെ നിരവധിപേരുടെ സഹായമുണ്ട്. റെയിൽവേ സ്റ്റേഷൻ,ബസ്റ്റാൻഡ്,പാപനാശം,ഹെലിപ്പാട്,വർക്കല മൈതാനം,പുന്നമൂട്,പുത്തൻ ചന്ത തുടങ്ങി ഓരോ മുക്കിലുംമൂലയിലും നകുലന്റെ ഭക്ഷണപ്പൊതികളും ചായയുമെത്തും.സ്വന്തം ആട്ടോറിക്ഷയിലാണ് വിതരണം. പൊലീസ് സ്റ്റേഷൻ,ഫയർഫോഴ്സ്,താലൂക്കാശുപത്രി,കെ.എസ്.ഇ.ബി ഓഫീസ് തുടങ്ങിയവയും നകുലൻ ഒഴിവാക്കാറില്ല. സ്വന്തം പോക്കറ്റിൽ നിന്നു എടുത്തതും സുമനസുകൾ സഹായിക്കുന്നതുമാണ് ചെലവിന് ഉപയോഗിക്കുന്നത്. വൈകുന്നേരങ്ങളിൽ മുന്നൂറോളം ചായയും നൽകാറുണ്ട്.