xscss

കിളിമാനൂർ: ഇഷ്ടിക ചൂളകളുടെ പ്രവർത്തനം നിലച്ചതോടെ ആയിരക്കണക്കിന് കുടുംബങ്ങൾ ദുരിതത്തിൽ. കൊവിഡ് വ്യാപനത്തെ തുടർന്നുള്ള ലോക്ക് ഡൗണിൽ രണ്ട് മാസമായി ചൂളകൾ അടച്ചിട്ടതോടെയാണ് നിരവധി കുടുംബങ്ങൾ പട്ടിണിയിലായത്. ചുടുകട്ടകൾ വിറ്റഴിഞ്ഞു പോകുന്ന സമയത്താണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ഇതോടെ കടം വാങ്ങിയും ലോണെടുത്തും ചുടുകട്ട നിർമ്മിച്ചവർ ദുരിതത്തിലായി. ലോക്ക് ഡൗൺ പ്രഖ്യാപിച്ച ശേഷം ഇഷ്ടിക നിർമ്മാണ കേന്ദ്രങ്ങളൊന്നും പ്രവർത്തിച്ചിട്ടില്ല. ഇഷ്ടിക കൊണ്ടുപോകുന്ന ലോറികൾ, തൊഴിലാളികൾ, തൊഴിലുടമകൾ തുടങ്ങി ആയിരങ്ങളെ നേരിട്ടും അല്ലാതെയും ലോക്ക് ഡൗൺ ബാധിച്ചു. കളിമൺ വ്യവസായത്തിലെ അസംസ്‌കൃത വസ്‌തുവായ കളിമണ്ണിന്റെ ലഭ്യതക്കുറവ് മുതൽ തൊഴിലാളി ക്ഷാമം വരെ പലതും ഈ രംഗത്ത് തിരിച്ചടിയായി. ഇഷ്ടിക നിർമ്മാണത്തിനാവശ്യമായ വലിയ ചൂളകൾ നിർമ്മിക്കുന്നതിന് വൻതോതിൽ വിറക് ആവശ്യമാണ്. എന്നാൽ നിലവിലെ അവസ്ഥയിൽ അത് ലഭ്യമാക്കാനുള്ള ബുദ്ധിമുട്ടുണ്ട്. ചെളിയും മണ്ണും ഉപയോഗിച്ച് നിർമ്മിച്ച ഇഷ്ടികകൾ തീയിൽ ചുട്ടെടുക്കുന്ന നിരവധി ചൂളകൾ സാമ്പത്തിക പ്രതിസന്ധി കാരണം വർഷങ്ങൾക്ക് മുമ്പ് ജില്ലയിൽ അടച്ചുപൂട്ടിയിരുന്നു.

 ജില്ലയിൽ ഇന്ന് പ്രധാനമായും ചൂളകളുള്ളത്

--------------------------------------------------------------------------------

കാരേറ്റ്, കൊടുവഴന്നൂർ, പേടികുളം, പുല്ലയിൽ, ഇളമ്പ, വലിയ കട്ടയ്ക്കൽ, കൊല്ലമ്പുഴ എന്നിവിടങ്ങളിൽ

നേരിടുന്ന പ്രതിസന്ധികൾ

----------------------------------------------------

1. അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവ്

2. വിദഗ്ദ്ധ തൊഴിലാളികളുടെ കുറവ്

3. അമിതമായ തൊഴിൽക്കൂലി

4. കളിമണ്ണിന്റെ ലഭ്യതക്കുറവ്

5. മണ്ണ് കൊണ്ടുവരുന്നതിലെ നിയമ തടസം

കളിമണ്ണിന്റെ ലഭ്യതക്കുറവ്

------------------------------------------------

കളിമൺ വ്യവസായ രംഗത്ത് പ്രതിസന്ധികൾ ആരംഭിച്ചിട്ട് കുറച്ചുനാളായി. ആവശ്യമായ കളിമണ്ണ് ലഭ്യമാകാത്തത് ഇവർ പലതവണ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയതാണ്. എന്നാൽ വേണ്ടത്ര പ്രയോജനം ലഭിച്ചില്ല. ഇതിനു പുറമെ കളിമൺ ഖനനത്തിന് സർക്കാർ നിയന്ത്രണങ്ങൾ ശക്തമാക്കിയതോടെ മേഖല ആകെ പ്രതിസന്ധിയിലായി. ഇതോടെയാണ് വർഷത്തോളം പഴക്കമുള്ള ഈ പരമ്പരാഗത തൊഴിലധിഷ്ഠിത വ്യവസായം നാശത്തിന്റെ വക്കിലായത്.

പ്രതികരണം
-------------------------

ജോലിക്കൂലി കൂടുതലായതിനാൽ വില കുറച്ച് നൽകാനാകില്ല. അസംസ്‌കൃത വസ്‌തുക്കളുടെ ലഭ്യതക്കുറവും മറ്റ് പ്രശ്നങ്ങളും കാരണം പല ചൂളകളും അടച്ചുപൂട്ടലിന്റെ വക്കിലാണ്. കൊവിഡ് വ്യാപനത്തെ തുടർന്നുള്ള ലോക്ക് ഡൗൺ കൂടിയായതോടെ ഈ മേഖല കൂടുതൽ ദുരിതത്തിലായി

( രാജൻ, ചൂള മുതലാളി)

 ഒരു ചൂളയിൽ പണിയെടുക്കുന്നത് 25 തൊഴിലാളികൾ

 ഒരു ദിവസം നിർമ്മിക്കുന്നത് 3500-4000 കട്ടകൾ.

 ഒരു കട്ടയുടെ വില - 6.50 രൂപ