കൊല്ലം: കൊല്ലം ചടയമംഗലത്തിന് സമീപം കുരിയോട് കെ.എസ്.ആർ.ടി.സി ബസിന് പിന്നിൽ കാറിടിച്ച് ഒരു സ്ത്രീ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം നടന്നത്.അടൂർ സ്വദേശിനി ലിസി സാമുവൽ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭർത്താവിനെയും ഡ്രൈവറെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കെ.എസ്.ആർ.ടി.സി ടെസ്റ്റ് റണ്ണിനായി റോഡിൽ ഇറക്കിയതായിരുന്നു. ബസിന്റെ പിൻവശത്തെ ടയറിന് മുന്നിലാണ് കാർ ഇടിച്ചു കയറിയത്. ലിസി സാമുവൽ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഭർത്താവ് സമുവലിനെ പരിക്കുകളോടെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനം ഓടിച്ചിരുന്ന രഞ്ജിത്ത് ഗുരുതരാവസ്ഥയിലാണ്. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.