pic

തിരുവനന്തപുരം: പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ പൊലീസ് സേനാംഗങ്ങൾക്കും സ്വയരക്ഷ ഉപകരണങ്ങൾ ഉറപ്പാക്കുന്നതിനും അവർക്ക് ഇൻഷുറൻസ് പരിരക്ഷയും പ്രത്യേക റിസ്ക് അലവൻസും നൽകുന്നതിനും കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സി.എം.പി തിരുവനന്തപുരം ജില്ല സെക്രട്ടറിയും രാജേശ്വരി ഫൗണ്ടേഷൻ സെക്രട്ടറിയുമായ എം.ആർ മനോജ്‌ നൽകിയ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. പ്രധാനമന്ത്രി ഗരീബ് കല്യാൺ ഇൻഷുറൻസിൽ പൊലീസ് സേനാംഗങ്ങളെയും ഉൾപ്പെടുത്തണെമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

കൊവിഡ് പ്രതിരോധത്തിന് ഏർപ്പിട്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് പ്രധാനമന്ത്രി ഗരീബ് കല്യാൺ ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടുതുന്നതാണെന്ന കേന്ദ്ര സർക്കാർ ഉത്തരവിൽ പറയുമ്പോഴും പൊലീസ് സേനാംഗങ്ങളെ ഉൾപ്പെടുത്തിയിരുന്നില്ല. സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ഏർപ്പിട്ടിരിക്കുന്ന പൊലീസ് ജീവനക്കാർക്ക് മാസ്ക്ക് അല്ലാതെ മറ്റ് സുരക്ഷ മുന്നൊരുക്കങ്ങൾ ഒന്നും ലഭ്യമാകുന്നില്ല. മാത്രമല്ല ഇവർക്ക് യാതൊരു വിധ അലോൻസോ ഇൻഷുറൻസ് പരിരക്ഷയോ അനുവദിച്ചിട്ടില്ല.എന്നാൽ തമിഴ്നാട്, തെലങ്കാനാ തുടങ്ങിയ സംസ്ഥാനങ്ങൾ കൊവിഡ് പ്രതിരോധ പ്രവർത്തങ്ങളിൽ നിൽക്കുന്ന ജീവനക്കാർക്ക് പ്രത്യേക അലവൻസ് നൽകുന്നുണ്ട്.

ഇതു സംബന്ധിച്ച് കേന്ദ്ര സംസ്ഥാന സർക്കാരുകൾ 2020 മെയ്‌ 18 ന് മുൻപായി മറുപടി നല്കണമെന്നും കോടതി ആവശ്യപ്പെട്ടു. പ്രമുഖ ഹൈക്കോടതി അഭിഭാഷകൻ സ്വാതികുമാറാണ്‌ ഹർജിക്കാരനു വേണ്ടി ഹാജരായത്.