elephants

ബാങ്കോക്ക് : കൊവിഡിന്റെ വരവോടെ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ തൊഴിലില്ലായ്മ രൂക്ഷമായിരിക്കുകയാണ്. ജോലിയില്ലാതെ മനുഷ്യർ പ്രതിസന്ധിയിലായിരിക്കുമ്പോൾ തായ്‌ലൻഡിൽ ' തൊഴിൽ രഹിതരായ ' ആനകൾ കാടുകളിലേക്ക് മടങ്ങുകയാണ്. ടൂറിസം മേഖലകളിലും സാങ്‌ചറികളിലും ഉപയോഗിച്ച് വന്നിരുന്ന 100 ലേറെ ആനകൾക്കാണ് ഇപ്പോൾ കൊവിഡിനെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ടിരിക്കുന്നത്.

തായ്‌ലൻഡിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടതാണ് ആന സവാരി. എന്നാൽ ടൂറിസ്റ്റുകളുടെ വരവ് നിന്നതോടെ ആനകളെ സംരക്ഷിക്കാനുള്ള വരുമാന മാർഗങ്ങളും നിലച്ചു. ഇതോടെയാണ് ആനകളെ കാട്ടിലേക്ക് തന്നെ മടക്കി അയയ്ക്കാൻ അധികൃതരെ നിർബന്ധിതരാക്കിയിരിക്കുന്നത്. 95 മൈൽ ദൂരം കൂട്ടമായി നടത്തിയാണ് ആനകളെ കാട്ടിലേക്ക് കൊണ്ടുപോയത്.

ദിനംപ്രതി 660 പൗണ്ടോളം പുല്ലും പച്ചക്കറികളുമായിരുന്നു ആനകൾക്ക് ഉടമകൾ ആഹാരമായി നൽകിയിരുന്നത്. ഇപ്പോഴും ടൂറിസ്റ്റ് പാർക്കുകളിലും മറ്റും കഴിയുന്ന ആനകൾക്ക് ഭക്ഷണം നൽകുന്നതിനായി തായ്‌ലൻഡിലെ സേവ് എലിഫെന്റ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ധനസമാഹരണം നടത്തുന്നുണ്ട്. എന്നാൽ അധികം വൈകാതെ തന്നെ ഇവയേയും കാടുകളിലേക്ക് മടക്കിയേക്കുമെന്നാണ് സൂചന. കാടുകളിൽ ആനകൾ സുരക്ഷിതരായിരിക്കുമെന്നതിനാൽ മടക്കയാത്രയെ ആരും എതിർക്കുന്നതുമില്ല.

കഴിഞ്ഞ മാസം മുതൽ തായ്‌ലൻഡിലെ വടക്കൻ പ്രവിശ്യയായ ചിയാംഗ് മായിൽ നിന്നും സ്വന്തം നാടായ മേ ചേം പ്രവിശ്യയിലേക്ക് മടങ്ങിയ ആനകൾക്ക് കൂട്ടായി അവിടെ ജീവിക്കുന്ന കാറൻ ഗോത്രവർഗക്കാരുണ്ട്. പ്രശസ്തമായ എലിഫെന്റ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്ന സുറീൻ ഉൾപ്പെടയുള്ള തായ്‌ലൻഡിന്റെ വടക്ക് കിഴക്കൻ പ്രവിശ്യകളിലും ആനകളെ മടക്കി അയയ്ക്കാൻ തുടങ്ങി. നിലവിൽ 3,000 പേർക്കാണ് തായ്‌ലൻഡിൽ കൊവിഡ് ബാധിച്ചിരിക്കുന്നത്. 55 പേർ രാജ്യത്ത് കൊവിഡ് ബാധയെ തുടർന്ന് മരിച്ചു.