ന്യൂഡൽഹി: വിശാഖപട്ടണം വിഷവാതക ദുരന്തത്തിൽ നടപടിയുമായി ദേശീയ ഹരിത ട്രിബ്യുണൽ. എൽ.ജി പോളിമേഴ്സ്, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം, ദേശീയ മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവർക്ക് ഹരിത ട്രിബ്യുണൽ നോട്ടീസ് അയച്ചു. ദുരന്തം മൂലമുണ്ടായ നാശ നഷ്ടങ്ങൾ കണക്കിലെടുത്ത് എൽ.ജി പോളിമേഴ്‌സ് ഉടൻ 50 കോടി രൂപ കെട്ടിവയ്ക്കണമെന്നും ഹരിത ട്രിബ്യുണൽ ഉത്തരവിട്ടു.
ഇന്നലെ രാത്രിയിലും ഇവിടെ വിഷവാതക ചോർച്ച ഉണ്ടായിരുന്നു. രാത്രി പന്ത്രണ്ടരയോടെയാണ് വാതകം രണ്ടാമതും ചോർന്നത്.ദേശീയ ദുരന്ത നിവാരണ സേനയുടെ സംഘം പ്ലാന്റിൽ ഉണ്ടായിരുന്നു. ആശങ്കപ്പെടാനില്ലെന്ന് ജില്ലാ കളക്ടർ പറഞ്ഞു.
ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 12 ആണ്. എൽ.ജി പോളിമർ കമ്പനിക്കെതിരെ കേസെടുത്ത ആന്ധ്രസർക്കാർ ഒരു മാസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. അശാസ്ത്രീയമായി രാസവസ്തുക്കൾ സൂക്ഷിച്ചതാണ് അപകടമുണ്ടാക്കിയതെന്ന് കരുതുന്നു. പ്ലാസ്റ്റിക് നിർമാണത്തിന് ഉപയോഗിക്കുന്ന സ്റ്റൈറീൻ ദ്രവരൂപത്തിലാണ് രണ്ട് കണ്ടയ്നറുകളിൽ കമ്പനിയിൽ ഉണ്ടായിരുന്നത്.