ആറ്റിങ്ങൽ: ആറ്റിങ്ങൽ പട്ടണവും സമീപ പഞ്ചായത്തുകളും തുടർച്ചയായി മൂന്നു ദിവസം ഇരുട്ടിലായി. ശക്തമായ കാറ്റിലും മഴയിലും തകർന്ന വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ വൈകിയതാണ് പ്രശ്നമായത്. പട്ടണത്തിൽ വെള്ളിയാഴ്ച രാവിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചെങ്കിലും സമീപ ഗ്രാമങ്ങളിൽ ഇതുവരെയും പ്രശ്നം പരിഹരിക്കാൻ കെ.എസ്.ഇ.ബിക്ക് കഴിഞ്ഞിട്ടില്ല.

കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ ആറ്റിങ്ങൽ മേഖലയിൽ ഉണ്ടായ ശക്തമായ കാറ്റിൽ വ്യാപകമായി ഇലക്ട്രിക് പോസ്റ്റുകൾ തകർന്നിരുന്നു. ചൊവ്വാഴ്ച കാറ്റ് ഒതുങ്ങിയപ്പോൾ തന്നെ പണികൾ ആരംഭിച്ചിരുന്നു. എന്നാൽ നാശത്തിന്റെ തോത് വളരെ വലുതായിരുന്നതിനാൽ പണി പൂർത്തിയാക്കാൻ കാലതാമസം ഉണ്ടായെന്നാണ് ഉദ്യോഗസ്ഥ‍ർ പറയുന്നത്.

വൈദ്യുതി വിതരണം നിലച്ച് മൂന്ന് ദിവസം ആയതോടെ ഭൂരിഭാഗം പേരുടെയും മൊബൈൽ ഫോണുകൾ പ്രവർത്തനരഹിതമായി. കുഴൽ കിണറുകളിൽ നിന്നും ജലം എടുത്തിരുന്നവർ കുടിവെള്ളത്തിന് കഷ്ടപ്പെട്ടു.

പ്രകൃതി ക്ഷോഭങ്ങൾ ഉണ്ടായാൽ അവശ്യ സർവീസായ വൈദ്യുതി ഏതു മാർഗവും 24 മണിക്കൂറിനുള്ളിൽ പുനഃസ്ഥാപിക്കുന്നതാണ് പതിവ്. എന്നാൽ മണ്ണിനടിയിലൂടെ കേബിൾ വഴി വൈദ്യുതി വിതരണം താറുമാറായതാണ് കൂടുതൽ പ്രശ്നമായതെന്ന് അറിയുന്നു. ഇത് പരിഹരിക്കാൻ ഇപ്പോൾ ഉള്ള ജീവനക്കാർ പ്രാപ്തരല്ല. അതിന്റെ വിദഗ്ധർ എത്താൻ വൈകിയതാണ് വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാൻ വൈകുന്നതെന്നാണ് രഹസ്യ വിവരം. പരാതികൾ പരിഭവങ്ങളായും ആക്രോശങ്ങളായും മാറിയതോടെ ഉദ്യോഗസ്ഥർ ഫോൺ എടുക്കാതെയായതും പ്രതിഷേധം വർദ്ധിപ്പിച്ചു.