തിരുവനന്തപുരം: കൊവിഡ് മൂലം ലോക സമ്പദ്ഘടന ആഴമേറിയ പ്രതിസന്ധിയിലായതായും ജനങ്ങളെയും തൊഴിലാളികളെയും സംരക്ഷിക്കേണ്ട ഭരണാധികാരികൾ തൊഴിലാളികളെ വേട്ടയാടുന്ന സമീപനം അവസാനിപ്പിക്കണമെന്നും സി. ദിവാകരൻ എം.എൽ.എ ആവശ്യപ്പെട്ടു.
ദുരന്തത്തിൽപ്പെട്ട് തൊഴിലും വരമാനവും നഷ്ടപ്പെട്ടവർ നഗരങ്ങളിൽ നിന്ന് നഗരങ്ങളിലേക്ക് യാത്ര തുടരുന്നു. ഈ തക്കം നോക്കി തൊഴിലാളികളുടെ നിലവിലുള്ള ഒട്ടേറെ ആനുകൂല്യങ്ങൾ നിഷേധിക്കാനുള്ള നീക്കങ്ങളാണ് രാജ്യത്തിപ്പോൾ നടക്കുന്നത്. നാല്പത്തിനാല് തൊഴിൽ നിയമങ്ങളെ ക്രോഡീകരിച്ച് നാല് വിഭാഗങ്ങളായി പരിമിതപ്പെടുത്തുകയാണ്. 8 മണിക്കൂർ ജോലി എന്നത് 12 മണിക്കൂറാക്കുക, തൊഴിലാളികളെ പിരിച്ചു വിടാനുള്ള അവകാശം ഉടമയിൽ പൂർണമായും നിക്ഷിപ്തമാക്കുക, മിനിമം വേജസ് നിയമവും, തൊഴിൽ തർക്കനിയമവും താത്കാലിക കരാർ തൊഴിലാളികളുടെ സംരക്ഷണ നിയമവും ഒഴിവാക്കുക തുടങ്ങിയ തൊഴിൽ നിയമ പരിഷ്‌കാരങ്ങളാണ് കേന്ദ്ര സർക്കാരിന്റെ നിർദ്ദിഷ്ട തൊഴിൽ നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ബി.ജെ.പിയും കോൺഗ്രസും ഭരിക്കുന്ന മിക്ക സംസ്ഥാനങ്ങളും ഇത്തരം പ്രാകൃതമായ തൊഴിൽ നിയമങ്ങൾ നടപ്പിലാക്കാനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. കൊവിഡിന്റെ പേരിൽ തൊഴിലാളികളുടെ മൗലികാവകാശങ്ങൾ നിഷേധിക്കുന്ന ഏതു സംരംഭത്തെയും ശക്തമായി നേരിടാൻ സംഘടനകൾ അടിയന്തരമായി രംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.