ഭോപ്പാൽ: നാല് കൊവിഡ് രോഗികൾ മരിച്ച മദ്ധ്യപ്രദേശ് ഇൻഡോറിലെ ഗോകുൽദാസ് ആശുപത്രിയുടെ ലൈസൻസ് സംസ്ഥാന സർക്കാർ റദ്ദാക്കി. കൊവിഡ് പ്രൊട്ടോകോൾ ലംഘിച്ചതിനെത്തുടർന്നാണ് നടപടി. ഇന്നലെ മാത്രം ഇവിടെ നാല് രോഗികൾ മരിച്ചു.. കൃത്യ സമയത്ത് ചികിത്സ ലഭിച്ചില്ലെന്നും ആശുപത്രി അധികൃതരുടെ അലംഭാവത്തെത്തുടർന്നാണ് രോഗികൾ മരിച്ചതെന്നും ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയിരുന്നു.
മരിച്ചവരുടെ ബന്ധുക്കൾ പുറത്ത് വിട്ട വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. ഇതേത്തുടർന്ന് ജില്ലകളക്ടർ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. മരിച്ചവരിൽ മൂന്ന് പേരുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവാണ്. ഒരാളുടെ പരിശോധനാഫലം പുറത്ത് വരാനുണ്ട്.
ആശുപത്രിയിൽ അഞ്ച് മലയാളി നഴ്സുമാർ അടക്കം 12 ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് ആശുപത്രി സാനിറ്ററെസ് ചെയ്യേണ്ടിയിരുന്നു. ഇതോടെയാണ് രോഗികൾക്ക് യഥാസമയം ചികിത്സ നൽകാതിരുന്നതെന്നാണ് വിവരം. പിന്നാലെ ലൈസൻസ് റദ്ദാക്കുകയായിരുന്നു.