തിരുവനന്തപുരം: സംസ്ഥാനത്ത് വിദേശമദ്യവില്പനശാലകൾ തുറക്കുന്നത് ലോക്ക് ഡൗൺ അവസാനിക്കുന്ന 17ന് ശേഷമുള്ള സ്ഥിതിഗതികൾ വിലയിരുത്തി ആലോചിച്ചാൽ മതിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
ഇപ്പോൾ സർക്കാരിന്റെ പൂർണ ശ്രദ്ധ വിദേശത്തും അന്യസംസ്ഥാനങ്ങളിലും നിന്നുള്ള പ്രവാസികളുടെ മടക്കത്തിലാണ്. നേരിയ ജാഗ്രതക്കുറവ് പോലും കൊവിഡ് വ്യാപന സാദ്ധ്യതയിലേക്കെത്തിക്കാം. അത് രാഷ്ട്രീയായുധമാക്കാൻ എതിരാളികളും തക്കം പാർത്തിരിക്കുന്ന സാഹചര്യത്തിൽ അങ്ങേയറ്റത്തെ കരുതലുണ്ടാവണം. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ മടക്കമാണ് വിദേശത്ത് നിന്നുള്ള വരവിനേക്കാൾ പ്രശ്നം. അതിർത്തിക്ക് പുറമേയുള്ള ഊടുവഴികളിലൂടെയും കാടുകളിലൂടെയും മറ്റും ആളുകൾ വരുന്നത് വെല്ലുവിളിയാണെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തി.
തദ്ദേശ തിരഞ്ഞെടുപ്പ് :ഓൺലൈൻ
പ്രചാരണം ശക്തിപ്പെടുത്തും
തദ്ദേശ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും ചർച്ചയായി. ഏരിയാതലം വരെ പാർട്ടി ശില്പശാലകൾ പൂർത്തിയാക്കിയപ്പോഴാണ് കൊവിഡ് ഭീഷണിയും ലോക്ക് ഡൗണുമെത്തിയത്. ഇനി ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ അവസാനിച്ച ശേഷമാവും ഇത്തരം യോഗങ്ങൾ. ഓൺലൈൻ വഴിയുള്ള പാർട്ടി പ്രചാരണ പരിപാടിയിൽ സംസ്ഥാന നേതാക്കൾ തൊട്ട് ബ്രാഞ്ച് സെക്രട്ടറിമാർ വരെയുള്ളവർ തമ്മിൽ ആശയവിനിമയ സംവിധാനമായിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ഇത് ശക്തിപ്പെടുത്തും. ഒക്ടോബറിൽ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുമെന്ന കണക്കുകൂട്ടലിൽ മുന്നോട്ട് നീങ്ങാനാണ് പാർട്ടി തീരുമാനം.