sslc
sslc

തിരുവനന്തപുരം: നിലവിൽ കൊവിഡ് സെന്ററായി പ്രവർത്തിക്കുന്ന സ്കൂളുകളിലെ എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷ , അനുയോജ്യമായ മറ്റ് കേന്ദ്രങ്ങളിൽ നടത്തും.

സ്കൂളിലെ എല്ലാ കുട്ടികൾക്കും പരീക്ഷയെഴുതാൻ സാധിക്കുന്ന സാഹചര്യമുണ്ടോയെന്ന് പ്രിൻസിപ്പൽ, ഹെഡ്മാസ്റ്റർ മുഖാന്തിരം അന്വേഷിക്കും. ഏതെങ്കിലും കുട്ടിക്ക് എത്തിചേരാനാനുള്ള ബുദ്ധിമുട്ട് ബോദ്ധ്യപ്പെട്ടാൽ അത് പരിഹരിക്കാനുള്ള നടപടി കൈക്കൊള്ളാനും ഇന്നലെ ചേർന്ന ക്യു.ഐ.പി യോഗം തീരുമാനിച്ചു.

പരീക്ഷയ്ക്ക് കുട്ടികളും, അദ്ധ്യാപകരും സ്കൂളുകളിൽ എത്തിച്ചേരുന്നതിന് മതിയായ യാത്രാ സംവിധാനവും, ഡെപ്യൂട്ടി ചീഫുമാരായ അദ്ധ്യാപകർ ജില്ലയ്ക്കു പുറത്തുള്ളവരാണെങ്കിൽ അവരുടെ യാത്രയ്ക്കുള്ള ക്രമീകരണവും ഉറപ്പാക്കും. കൊവിഡ് ഡ്യൂട്ടിയിലുള്ള അദ്ധ്യാപകർ 14 ദിവസം ക്വാറന്റൈന് വിധേയമാകേണ്ടതിനാൽ നിലവിൽ ഈ ഉത്തരവാദിത്വം നിറവേറ്റുന്ന ഹൈസ്കൂൾ, ഹയർസെക്കൻഡറി അദ്ധ്യാപകർക്കു പകരം എൽ.പി, യു.പി അദ്ധ്യാപകരെ നിയമിക്കുന്നതിന് ജില്ലാ കളക്ടർമാരോട് ആവശ്യപ്പെടും.

ലോക്ക് ഡൗൺ മേയ് 17ന് അവസാനിക്കുകയും ,പരീക്ഷ നടത്താൻ കേന്ദ്രാനുമതി ലഭിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാവും ഇപ്പോൾ തീരുമാനിച്ചിട്ടുള്ള തിയതികളിൽ പരീക്ഷ ഉറപ്പിക്കുക. ഡി.എൽ.എഡ് പരീക്ഷ ജൂൺ ആദ്യം നടത്താനാവുമോയെന്നും പരിശോധിക്കും.

എസ്.എസ്.എൽ.സി

മൂല്യനിർണയം

എസ്.എസ്.എൽ.സി മൂല്യനിർണയം എന്നാരംഭിക്കാമെന്ന് ലോക്ക് ഡൗണിനു ശേഷം തീരുമാനിക്കും. ഹയർ സെക്കൻഡറി മൂല്യനിർണയം ഈ മാസം13ന് തുടങ്ങും.

ലോക്ക് ഡൗൺ തുടരുന്നതിനാൽ സാദ്ധ്യമാകുന്ന അദ്ധ്യാപകർ മൂല്യനിർണയ കേന്ദ്രങ്ങളിലെത്തിയാൽ മതിയെന്ന് യോഗത്തിൽ ഡി.ജി.ഇ ജീവൻബാബു നിർദേശിച്ചു. സംഘടനാ നേതാക്കളായ കെ.സി.ഹരികൃഷ്ണൻ, എൻ.ശ്രീകുമാർ, വി.കെ.അജിത്കുമാർ, അനൂപ്. ടി.വി, അബ്ദുള്ള വാവൂർ, പി.എം.രാജീവ്, തമിമുദ്ദീൻ ബിജു.എം.കെ എന്നിവർ പങ്കെടുത്തു.