south-africa

കേപ്ടൗൺ : ദക്ഷിണാഫ്രിക്കയിൽ വരുന്ന ഏതാനും ദിവസങ്ങൾക്കുള്ളിൽ മദ്യ വില്പന പുനരാരംഭിച്ചില്ലെങ്കിൽ 130 ദശലക്ഷം ലിറ്റർ ബിയർ നശിപ്പിക്കേണ്ടി വരുമെന്ന് പ്രമുഖ കമ്പനികൾ. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രാബല്യത്തിൽ വരുത്തിയ നിയന്ത്രണങ്ങൾ അനുസരിച്ച് ദക്ഷിണാഫ്രിക്കയിൽ എല്ലാതരം മദ്യത്തിന്റെയും വില്പന നിരോധിച്ചിരിക്കുകയാണ്. ഇതോടെ തങ്ങൾക്ക് ഉണ്ടായിരിക്കുന്നത് വൻ നഷ്ടമാണെന്നും പ്രതിസന്ധിയുടെ വക്കിലാണ് തങ്ങളെന്നും സൗത്ത് ആഫ്രിക്കൻ ബ്രൂവറീസ് അറിയിച്ചു.

രാജ്യത്തുടനീളം 400 ദശലക്ഷം ബിയർ ബോട്ടിലുകളാണ് വിവിധ നിർമാണ കേന്ദ്രങ്ങളിലായി കെട്ടിക്കിടക്കുന്നത്. 2,000ത്തിലേറെ ജീവനക്കാരും പിരിച്ചു വിടൽ ഭീഷണിയിലാണ്. മാർച്ച് 23 മുതൽ ദക്ഷിണാഫ്രിക്കയിൽ നിർമാണ കേന്ദ്രങ്ങളിലൊന്നും തന്നെ പുതുതായി മദ്യം നിർമിക്കുന്നില്ല. മേയ് ഒന്ന് മുതൽ ചെറുകിട സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാൻ പ്രസിഡന്റ് സിറിൾ റമഫോസ അനുവാദം നൽകിയിരുന്നു. എന്നാൽ മദ്യ വില്പനശാലകൾ തുറക്കാൻ അനുമതി നൽകിയിട്ടില്ല. നാല് ഒളിമ്പിക് സ്വിമ്മിംഗ് പൂളിന്റെയത്ര ബിയർ ഒഴുക്കിക്കളയാനൊരുങ്ങുന്നുവെന്ന് ഫ്രാൻസിലെ ബിയർ നിർമാതാക്കൾ കഴി‌ഞ്ഞ ദിവസം അറിയിച്ചിരുന്നു.