തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കുന്നതിന്റെ ഭാഗമായി പൊലീസ് ഉദ്യോഗസ്ഥരിൽ നിന്നും അലവൻസുകൾ വെട്ടിക്കുറച്ചത് പ്രതിഷേധാർഹമാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ രവി പറഞ്ഞു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ മുന്നണിപ്പോരാളികളായ ഇവരോട് സർക്കാർ കാണിച്ചത് തെറ്റാണ്. മറ്റൊരു സംസ്ഥാനവും പൊലീസുകാരുടെ ശമ്പളം വെട്ടിക്കുറച്ചിട്ടില്ല. കഴിഞ്ഞ ശമ്പളപരിഷ്‌കരണത്തിൽ പൊലീസുകാരുടെ അലവൻസിൽ 10 ശതമാനം വാർഷിക വർദ്ധനവ് ശുപാർശ ചെയ്‌തെങ്കിലും ഈ സർക്കാർ അധികാരത്തിൽ വന്ന ഉടനെ അത് മരവിപ്പിക്കുകയാണ് ചെയ്‌തതെന്നും അദ്ദേഹം പറഞ്ഞു.