തിരുവനന്തപുരം: കൊവിഡ് ഭീതിയിൽ തിരിച്ചെത്തുന്ന പ്രവാസി മലയാളികൾക്കായി സംസ്ഥാന സർക്കാർ സമഗ്ര പുനരധിവാസ പാക്കേജിനൊരുങ്ങുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇതിന്റെ പ്രാരംഭ ചർച്ചകൾ ആരംഭിച്ചു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് ഏകോപനച്ചുമതല.വ്യവസായം, വാണിജ്യം, ധനകാര്യം, ആരോഗ്യം, പരമ്പരാഗത തൊഴിൽ, സ്റ്റാർട്ടപ്പ്, ഐ.ടി മേഖലകളെ സമന്വയിപ്പിച്ച് വിപുലമായ പാക്കേജാണ് തയ്യാറാക്കുക. ബാങ്കിംഗ്, ധനകാര്യ മേഖലയുടെ പിന്തുണയും കേന്ദ്ര സർക്കാരിൽ നിന്ന് സാമ്പത്തിക സഹായവും തേടും.മടങ്ങിയെത്തുന്നവരിൽ മാനേജ്മെന്റ്, ഐ.ടി, ആരോഗ്യ രംഗങ്ങളിൽ പ്രവർത്തന പരിചയമുള്ളവും വൈദഗ്ദ്ധ്യം തെളിയിച്ചവരും ഒട്ടേറെയുണ്ടാവും. സ്കിൽഡ് തൊഴിലാളികളും വിദേശത്ത് തൊഴിൽ നഷ്ടപ്പെട്ട് എത്തുന്നുണ്ട്. ഇവരെ പരമാവധി പ്രയോജനപ്പെടുത്തും.നിലവിൽ സർക്കാർ കൊണ്ടുവരുന്നവരെ കൂടാതെ, പൊതുഗതാഗത സംവിധാനങ്ങൾ തുറക്കുമ്പോഴും ആയിരങ്ങൾ നാട്ടിൽ മടങ്ങിയെത്തുമെന്നാണ് കരുതുന്നത്.നോർക്കയുടെ സൈറ്റിൽ മടങ്ങിവരാൻ ആഗ്രഹിച്ച് 4.60 ലക്ഷം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 66000 പേരും തൊഴിൽ നഷ്ടപ്പെട്ടവരാണ്. 1990ലെ കുവൈറ്റ് യുദ്ധകാലത്തും 2014ൽ നിതാഖത്ത് നിയമം വന്നപ്പോഴുമാണ് ഇതിനുമുമ്പ് പ്രവാസികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങിയെത്തിയത്.