തിരുവനന്തപുരം : വിദേശത്തും ഇതര സംസ്ഥാനങ്ങളിലുമായി പഠനാവശ്യത്തിനു പോയി കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളെ കേന്ദ്ര സർക്കാർ സൗജന്യമായി നാട്ടിൽ എത്തിക്കണമെന്നാവശ്യപ്പട്ട് എൻ.എസ്.യു.ഐ ദേശീയ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ഏജീസ് ഓഫീസിന് മുന്നിൽ ദേശീയ സെക്രട്ടറി എറിക്ക് സ്റ്റീഫൻ ഏകദിന ഉപവാസ സമരം നടത്തി.കെ.പി.സി.സി മുൻ പ്രസിഡന്റ്‌ എം.എം.ഹസൻ ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല, വി.എസ്.ശിവകുമാർ എം.എൽ.എ, കെ.പി.സി.സി നിർവാഹക സമതി അംഗം എം.എ.ലത്തീഫ് എന്നിവർ സംസാരിച്ചു. കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ്‌ ശരത്ത് ശൈലേശ്വരൻ, ജനറൽ സെക്രട്ടറി അനന്തകൃഷ്ണൻ, സെക്രട്ടറി പീറ്റർ സോളമൻ, അബ്ദുൽ അറാഫ്, രാകേഷ് എന്നിവർ നേതൃത്വം നൽകി. ഡി.സി.സി പ്രസിഡന്റ്‌ നെയ്യാറ്റിൻകര സനൽ നാരങ്ങാനീര് നൽകി ഉപവാസസമരം അവസാനിപ്പിച്ചു.