തിരുവനന്തപുരം: മുപ്പത് മണിക്കൂർ കടൽ താണ്ടി അവർ ജന്മനാടിന്റെ സ്നേഹതീരത്ത് അണയുകയാണ്. രോഗത്തോട് പടപൊരുതിയ പൗരന്മാരെ കൊണ്ടുവരാൻ നാവികസേനയുടെ പടക്കുതിരയെയാണ് മാലദ്വീപിലേക്ക് അയച്ചത്. 19 ഗർഭിണികളും 14 കുട്ടികളും ഉൾപ്പടെ 732പേരുമായി ഐ.എൻ.എസ്-ജലാശ്വ എന്ന പടക്കപ്പൽ നാളെ രാവിലെ കൊച്ചി തുറമുഖത്ത് എത്തും.
മാലദ്വീപ് തലസ്ഥാനമായ മാലെക്കടുത്തുള്ള വെലന തുറമുഖത്തുനിന്നാണ് ഇന്നലെ ജലാശ്വ പുറപ്പെട്ടത്. 900കിലോമീറ്ററുണ്ട് കൊച്ചിയിലേക്ക്.
സുരക്ഷാകിറ്രണിഞ്ഞ് യുദ്ധമുഖത്തെന്നപോലെ കരുതലിലായിരുന്നു കപ്പലിലെ സേനാംഗങ്ങൾ. കപ്പലിലേക്കുള്ള 16 പടികൾ കയറാനാവാത്ത വൃദ്ധരെയും ഗർഭിണികളെയും സേന കൈത്താങ്ങു നൽകി കപ്പലിലെത്തിച്ചു. പത്തുമാസം പ്രായമായ കുഞ്ഞിനെ സേനാംഗം കോരിയെടുത്ത് കൊണ്ടുപോവുന്ന ദൃശ്യം ലോകമെങ്ങും വൈറലായി.
നാവികസേനയുടെ ഓപ്പറേഷൻ സമുദ്രസേതുവിന്റെ ആദ്യദൗത്യമാണ് മാലദ്വീപിലേത്. തമിഴ്നാട്ടിലെ തൂത്തുക്കുടിയിലേക്ക് ഐ.എൻ.എസ്-മഗർ എന്ന കപ്പൽ മാലദ്വീപിൽ നിന്നെത്തും.
@ജലാശ്വ
വിശാഖപട്ടണത്തെ കിഴക്കൻ നാവിക കമാൻഡിന്റേതാണ് ജലാശ്വ. നാവികസേനയുടെ രണ്ടാമത്തെ വലിയ പടക്കപ്പൽ. നിരീക്ഷണത്തിനും രക്ഷാപ്രവർത്തനത്തിനും ഓപ്പറേഷനുകൾക്കും സേനാനീക്കത്തിനും അനുയോജ്യം. നാല് ഹെലികോപ്ടറുകൾ് ഒരേസമയം ഓപ്പറേറ്റ് ചെയ്യാം.1300സേനാംഗങ്ങൾക്കുള്ള സൗകര്യങ്ങൾ. നാല് ഓപ്പറേഷൻ തിയേറ്ററുകൾ, ലബോറട്ടറികൾ, ഡെന്റൽ സെന്റർ, 12കിടക്കകളുള്ള വാർഡ്.കൊവിഡ് ദൗത്യത്തിനായി കൂടുതൽ മെഡിക്കൽ സൗകര്യങ്ങൾ ഒരുക്കി. ഐസൊലേഷൻ വാർഡ് സജ്ജമാക്കി. നാവികസേനയുടെ ഡോക്ടർമാരും മെഡിക്കൽസംഘവും.