തിരുവനന്തപുരം: മുഖ്യമന്ത്രി ആഹ്വാനം ചെയ്‌ത തരിശ് രഹിത കേരളം പദ്ധതിയുടെ ഭാഗമാകാൻ കേരള ‌സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.ടി.എ) ജില്ലാ കമ്മിറ്റി. രണ്ടായിരത്തോളം അദ്ധ്യാപകരാണ് പദ്ധതിയുടെ ഭാഗമായത്. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യാപകരുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കെ.എസ്.ടി.എ സംസ്ഥാന സെക്രട്ടറി എൻ.ടി. ശിവരാജൻ, സംസ്ഥാന നേതാക്കളായ പി.വി. രാജേഷ്, എ. നജീബ്, എസ്.എൽ. ശശികല, ജില്ലാ സെക്രട്ടറി വി. അജയകുമാർ, പ്രസിഡന്റ് സിജോവ് സത്യൻ, സബ് ജില്ലാ സെക്രട്ടറി സുനിൽ, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി സാംബശിവൻ തുടങ്ങിയവർ പങ്കെടുത്തു. അന്തരിച്ച സി.പി.എം നേതാവ് തോപ്പിൽ ധർമരാജന്റെ കഴക്കൂട്ടം കുളത്തൂർ മുക്കോലയ്‌ക്കലിലെ വീട്ടുപറമ്പിൽ ചെടികൾ നട്ട് ജില്ലാതല പ്രവർത്തനങ്ങൾക്ക് തുടക്കമായി. വീടിനോട് ചേർന്ന തരിശായ പറമ്പുകളിലും പാട്ടത്തിനെടുത്ത ഭൂമിയിലുമാണ് അദ്ധ്യാപകർ കൃഷി ചെയ്യുക. ജില്ലയിൽ 1000 ഏക്കർ കൃഷിയാണ് കെ.എസ്.ടി.എ ലക്ഷ്യമിടുന്നത്. ഇതിനായി ഓൺലൈൻ കാർഷിക ക്ലാസുകളും ഒരുക്കിയിട്ടുണ്ട്. ഭക്ഷ്യ സ്വയംപര്യാപ്‌തതയ്ക്കുള്ള സ‌ർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുമെന്നും കെ.എസ്.ടി.എ അറിയിച്ചു.