കഴക്കൂട്ടം: കഠിനംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡിന്റെ വീട് കുത്തിപൊളിച്ച് സ്വർണം കവർന്നതുൾപ്പെടെ നിരവധി മോഷണ കേസുകളിലെ പ്രതി പിടിയിലായി. തുമ്പ അപ്പാരൽ പാ‌ർക്കിന് സമീപം പുതുവൽ പുരയിടത്തിൽ ലിയോൺ ജോൺസൻ എന്നുവിളിക്കുന്ന അജിത് (28) ആണ് പിടിയിലായത്. ഒന്നരമാസം മുമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ഫെലിക്സിന്റെ വീടിന്റെ പിൻവാതിൽ പൊളിച്ച് കയറിയ മോഷ്ടാവ് 15 പവനും വിലകൂടിയ വാച്ചുകളും മൊബൈൽ ഫോണും അപഹരിച്ചു. ഇയാൾ മറ്റൊരു മോഷ്ടാവായ ബാഹുലേയനുമായി ചേ‌ർന്ന് കണിയാപുരം പള്ളിനട റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റിന്റെ വീട്ടിൽ സ്വർണവും കവർന്നു. കൂടാതെ പുത്തൻതോൻപ്പ് മെരിലാന്റിൽ നിന്ന് സ്കൂട്ടർ മോഷ്ടിച്ച കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കഴക്കൂട്ടം,തുമ്പ മണ്ണന്തല തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്. കഠിനംകുളം എസ്.എച്ച്.ഒ,പി.വി വിനീഷ് കുമാർ,എസ്.ഐമാരായ ആർ. രതീഷ്‌കുമാർ,ഇ.പി സവാദ്ഖാൻ,കെ.കൃഷ്ണകുമാർ,എം.എ ഷാജി സി.പി.ഒമാരായ സന്തോഷ്ലാൽ,ദിലീപ്,ഷിജു,സജി,സജു എന്നിവരങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.