തിരുവനന്തപുരം : രാജ്യത്ത് ആദ്യമായി കൊവിഡ് 19 സ്ഥിരീകരിച്ച കേരളത്തിൽ പോരാട്ടം 100 ദിവസം പൂർത്തിയാകുമ്പോൾ രോഗത്തിന്റെ ഗ്രാഫ് സമനിലയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജനുവരി 30ന് വിദേശത്തു നിന്നു വന്ന വിദ്യാർത്ഥിക്കാണ് ആദ്യമായി രോഗം സ്ഥിരീകരിച്ചത്. മറ്റുള്ളവരിലേക്ക് രോഗം പടരുന്നില്ലെന്ന് ഉറപ്പുവരുത്താൻ തുടക്കത്തിൽ തന്നെ സാധിച്ചു.
മാർച്ച് ആദ്യ വാരമാണ് കേരളത്തിൽ കൊവിഡിന്റെ രണ്ടാം വരവ്. മൂന്നാം വരവ് ഒഴിവാക്കാൻ പരിശ്രമിക്കുകയാണ്. ഉണ്ടായാൽ നേരിടാനും അതിജീവിക്കാനും സജ്ജമാണ്. മാതൃകാപരമായ സഹകരണം പൊതുസമൂഹത്തിൽ നിന്ന് വരും ദിവസങ്ങളിലും ഉണ്ടാകണം.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമാണ്. അതേസമയം വൈറസിനെ പിടിച്ചു നിറുത്തുന്നതിൽ കേരളം വിജയിച്ചു. ഇനി ഒന്നും ചെയ്യാനില്ല എന്നല്ല ഇതിനർത്ഥം. ഇനിയുള്ള നാളുകളിലാണ് കൂടുതൽ കരുത്തോടെയും ഐക്യത്തോടെയും ഇടപെടേണ്ടത് - മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.
ഒരാൾക്ക് കൊവിഡ്;
10 പേർക്ക് മുക്തി
ചികിത്സയിൽ 16 പേർ
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈയിൽ നിന്നു വന്ന എറണാകുളം സ്വദേശിക്കാണ് രോഗം ബാധിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മുപ്പതുവയസുകാരിയായ ഇവർ വൃക്കരോഗ ചികിത്സയ്ക്കെത്തിയതാണ്. 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ഇവരെല്ലാം കണ്ണൂരിലുള്ളവരാണ്. ഇനി 16 പേരാണ് ആശുപത്രികളിലുള്ളത്. പുതിയ ഹോട്ട് സ്പോട്ടുകളില്ല. നിലവിൽ 33 ഹോട്ട് സ്പോട്ടുകൾ.
ആട്ടോ സർവീസ്: അനുമതി തേടും
ലോക്ക് ഡൗൺ കാലത്ത് ആട്ടോ റിക്ഷാ സർവീസ് പുനരാരംഭിക്കുന്നതിന് കേന്ദ്ര സർക്കാരിന്റെ അനുമതി തേടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയന്ത്രണങ്ങൾക്ക് വിധേയമായി ആട്ടോയും ഓടട്ടേ എന്ന തലക്കെട്ടിൽ കേരളകൗമുദി ഇന്നലെ എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മൂന്നാംഘട്ട ലോക്ക് ഡൗണിൽ ടാക്സികൾക്ക് അനുമതി നൽകിയെങ്കിലും ആട്ടോകളെ പരിഗണിച്ചിരുന്നില്ല.