norka-roots-

തിരുവനന്തപുരം: പ്രവാസികളെ പരിചരിക്കാൻ എല്ലാ സന്നാഹങ്ങളും സർക്കാർ ഒരുക്കിയിട്ടുണ്ടെന്നും, ഇതുവരെ തുടർന്ന മാതൃകാസമീപനം പൊതുസമൂഹം തുടരണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

വിദേശത്ത് നിന്നെത്തുന്നവർ ക്വാറന്റൈൻ കേന്ദ്രത്തിലും തുടർന്ന് വീട്ടിലും ആരോഗ്യമുൻകരുതലും ശാരീരിക അകലവും പാലിക്കണം. വീട്ടിലെത്തിയാലുടൻ പതിവ് രീതിയിൽ സന്ദർശനങ്ങൾ നടത്തുന്നത് ഒഴിവാക്കണം. വീട്ടുകാരും ശ്രദ്ധിക്കണം.പ്രവാസികളുടെ വരവിനായി വിമാനത്താവളങ്ങളിൽ ഒരുക്കിയ സൗകര്യങ്ങളിൽ കേന്ദ്ര സിവിൽ ഏവിയേഷൻ സെക്രട്ടറി ചീഫ് സെക്രട്ടറിയെ അഭിനന്ദനം അറിയിച്ചിരുന്നു.
ഞായറാഴ്ച രാത്രി ദോഹയിൽ നിന്ന് തിരുവനന്തപുരത്തെത്തുന്ന വിമാനത്തിൽ തിരുവനന്തപുരം ,കൊല്ലം, പത്തനംതിട്ട , ആലപ്പുഴ,കന്യാകുമാരി ജില്ലക്കാരാണുള്ളത്. ഇവർക്ക് വേണ്ട ക്രമീകരണങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്.പ്രകൃതി ദുരന്തങ്ങളിലേത് പോലെയുള്ള ദുരിതാശ്വാസ കേന്ദ്രങ്ങളല്ല, വളരെയേറെ ക്രമീകരണങ്ങൾ വരുത്തിയ ആരോഗ്യകേന്ദ്രങ്ങളാണ് ക്വാറന്റൈനായി ഒരുക്കിയിട്ടുള്ളത്. ഇവിടെ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുവെന്ന് തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പാക്കണം- മുഖ്യമന്ത്രി പറഞ്ഞു.

നാട്ടിലെത്തിയ

പ്രവാസികൾ

വ്യാഴാഴ്ച രാത്രി റിയാദിൽ നിന്ന് 149 പ്രവാസികളുമായി കോഴിക്കോട്ടെത്തിയ വിമാനത്തിൽ 13 ജില്ലകളിൽ നിന്നുള്ള 139 പേരും കർണാടക, തമിഴ്നാട് സ്വദേശികളായ 10 പേരുമുണ്ട്. 84 പേർ ഗർഭിണികളും 22 കുട്ടികളുമാണ് . അടിയന്തര ചികിത്സയ്ക്കെത്തിയ 5 പേരും എഴുപതിന് മുകളിൽ പ്രായമുള്ള മൂന്നു പേരുമുണ്ട്.

181 പ്രവാസികളുമായി അബുദാബിയിൽ നിന്ന് നെടുമ്പാശ്ശേരിയിലെത്തിയ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരിൽ 4 കൈക്കുഞ്ഞുങ്ങളും, പത്തു വയസിനു താഴെയുള്ള 15 കുട്ടികളും, 49 ഗർഭിണികളും ഉൾപ്പെടും. അഞ്ച് പേരെ കളമശ്ശേരി മെഡിക്കൽ കോളേജിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. ദുബായിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിൽ 182 പേരാണ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. ഇതിൽ 177 പേർ മുതിർന്നവരും 5 പേർ കുട്ടികളുമാണ്.