കല്ലമ്പലം: കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിലും കാറ്റിലും നിരവധി വീടുകൾ തകരുകയും മേൽക്കൂരകൾ പറന്നുപോവുകയും ചെയ്തു. കരവാരം പഞ്ചായത്തിൽ പതിനഞ്ചാം വാർഡിൽ ലക്ഷംവീട്, പനായാട്ടുകോണം കോളനികളിലാണ് കാറ്റിലും മഴയിലും അനേകം വീടുകൾ തകർന്നത്. തകർന്ന വീടുകൾ പഞ്ചായത്തംഗം, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തുടങ്ങിയവർ സന്ദർശിച്ചു. ആലംകോട് ഗവ.എച്ച്.എസ് സ്കൂൾ സ്റ്റേജിലെ മേൽക്കൂരയും കാറ്റിൽ പറന്നുപോയി. റോഡിനു കുറുകേ മരം വീണ് പല സ്ഥലങ്ങളിലും ഗതാഗതം തടസപ്പെട്ടു. നാവായിക്കുളം പഞ്ചായത്തിൽ കാർഷിക വിളകൾ വ്യാപകമായി നശിച്ചു. നഗരൂർ പഞ്ചായത്തിൽ ചെമ്മരത്തുമുക്കു മഞ്ജുജുഭവനിൽ മാദ്ധ്യമ പ്രവർത്തകൻ മഹേഷിന്റെ വീടിന് മുകളിൽ മരം ഒടിഞ്ഞുവീണ് വീടിന് കേടുപറ്റി.