kerala
കേരള

തിരുവനന്തപുരം: യു.ജി.സിയുടെ നിർദ്ദേശം വകവയ്ക്കാതെ ധൃതി പിടിച്ച് പരീക്ഷ നടത്താനുള്ല സർവകലാശാലകളുടെ നീക്കം വിവാദത്തിൽ. നിലവിലെ ലോക്ക് ഡൗൺ അവസാനിക്കുന്നത് 17നാണ്. അവസാന സെമസ്റ്റർ പരീക്ഷകൾ 21ന് തുടങ്ങാനാണ് കേരളയുടെ നീക്കം. മൂല്യനിർണയം ജൂൺ എട്ടിനും.എം.ജി സർവകലാശാല 26ന് പരീക്ഷ തുടങ്ങാനാണ് തയ്യാറെടുക്കുന്നത്.

. മാറ്റിവച്ച പരീക്ഷകൾ ജൂലായിൽ നടത്താനാണ് യു.ജി.സിയുടെ നിർദ്ദേശം.പരീക്ഷാ നടത്തിപ്പ് പഠിച്ച ഡോ.ബി.ഇക്ബാൽ അദ്ധ്യക്ഷനായ സമിതി ജൂണിൽ പരീക്ഷ നടത്താനാണ് ശുപാർശ ചെയ്തത്. എം.ജിയിൽ അവസാന സെമസ്റ്ററിൽ മൂന്ന് പേപ്പറുകൾ മാത്രമാണ് ബാക്കി. കേരളയിൽ പരീക്ഷ തുടങ്ങാനായിട്ടില്ല.

പൊതുഗതാഗതം പുനരാരംഭിക്കുകയും ലോക്ക് ഡൗൺ പിൻവലിക്കുകയും ചെയ്യും മുൻപ് പരീക്ഷ നടത്തിയാൽ എല്ലാ വിദ്യാർത്ഥികൾക്കും പരീക്ഷയെഴുതാനാവില്ല. അന്യസംസ്ഥാനങ്ങളിലും വിദേശത്തും നിന്നെത്തിയവർക്ക് ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കേണ്ടതുണ്ട്. ഈ വിദ്യാർഥികൾക്കായി പ്രത്യേക പരീക്ഷ നടത്തുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. പരീക്ഷകൾ വേഗത്തിൽ നടത്തി അക്കാഡമിക് കലണ്ടർ അതേപടി നടപ്പാക്കാനുള്ള സമ്മർദ്ദമാണ് പ്രശ്നമെന്ന് സർവകലാശാലാ അധികൃതർ പറയുന്നു.

അതേസമയം, സെമസ്​റ്ററുകളുടെ പാഠഭാഗങ്ങൾ പൂ‌ർണമായി പഠിപ്പിച്ചശേഷം പരീക്ഷകൾ നടത്താനാണ് സാങ്കേതിക സർവകലാശാലയുടെ തീരുമാനം. യു.ജി, പി.ജി ടെർമിനൽ (ഫൈനൽ) സെമസ്​റ്ററുകളിൽ 20 ദിവസം ക്ലാസുകളുണ്ടാകും. ഒമ്പതു ദിവസത്തെ പഠനാവധിക്ക്ശേഷം പരീക്ഷ നടത്തും. രോഗവ്യാപനം കുറയുകയും പൊതുഗതാഗതം പുനരാരംഭിക്കുകയും ചെയ്താൽ ജൂണിൽ പരീക്ഷ നടത്താനാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരുന്നത്. എന്നാൽ ,സംസ്ഥാനത്തെ സാഹചര്യത്തിനനുസരിച്ച് പരീക്ഷ നടത്താമെന്നും യു.ജി.സിയുടെ അനുമതി വേണ്ടെന്നുമാണ് ഇപ്പോഴത്ത വാദം. കേരളയിൽ പരീക്ഷാവിഭാഗത്തിൽ കുറച്ചു ജീവനക്കാരേ ഹാജരാകുന്നുള്ളു. ജനുവരിയിൽ നടന്ന പരീക്ഷകളുടെ ഉത്തരക്കടലാസുകൾ പരീക്ഷാ വിഭാഗത്തിൽ കെട്ടിക്കിടക്കുകയാണ്. അവ അധ്യാപകരുടെ വീടുകളിലെത്തിച്ചിരുന്നെങ്കിൽ ലോക്ക് ഡൗൺ കാലത്ത് മൂല്യനിർണയം പൂർത്തിയാക്കാമായിരുന്നു.

എൻട്രൻസ് പരീക്ഷ

ചൊവ്വാഴ്ച യോഗം

ഏപ്രിൽ 20, 21 തീയതികളിൽ നിശ്ചയിച്ചിരുന്ന എൻജിനിയറിംഗ്, ഫാർമസി എൻട്രൻസ് . പരീക്ഷാനടത്തിപ്പ് ആലോചിക്കാൻ ചൊവ്വാഴ്ച ഉന്നതതല യോഗം ചേരും.

ദുബായിലും മുംബെയിലും എൻട്രൻസിന് പരീക്ഷാകേന്ദ്രങ്ങളുണ്ട്. കൊവിഡ് വ്യാപനമുള്ള അവിടെ പരീക്ഷാനടത്തിപ്പ് വെല്ലുവിളിയാണ്. ഓൺലൈൻ എൻട്രൻസ് പരീക്ഷ പ്രായോഗികമല്ലെന്നാണ് വിലയിരുത്തൽ. എൻജിനിയറിംഗ് എൻട്രൻസിന് 89167പേരും ഫാർമസിക്ക് 63534 പേരും അപേക്ഷിച്ചിട്ടുണ്ട്.