തിരുവനന്തപുരം:സംസ്ഥാനത്ത് വേനൽമഴ 11വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചതിന് പിന്നാലെ നഗരത്തിൽ ഇന്നലെയും കനത്ത മഴ പെയ്തു. ഉച്ചയോടെ ആരംഭിച്ച മഴ രാത്രി വൈകിയും തുടർന്നു. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. പേട്ട, ചാക്ക, ഊറ്റുകുഴി ജംഗ്ഷൻ, പ്രസ്‌ക്ലബ് പരിസരം, തമ്പാനൂർ തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. നഗരത്തിൽ 34.5മി.മി മഴയും വിമാനത്താവളത്തിൽ 11.6 മി.മി മഴയും ലഭിച്ചു. ഇടയ്‌ക്കൊന്ന് തോർന്നെങ്കിലും മൂന്നരയോടെ മഴ വീണ്ടും ശക്തി പ്രാപിക്കുകയായിരുന്നു. കാൽനട യാത്രികരെയും ഇരുചക്രവാഹന യാത്രികരെയും മഴ വലച്ചു. പേരൂർക്കട എസ്.എ.പി ക്യാമ്പ് കെട്ടിടത്തിന് മുകളിൽ മരം ഒടിഞ്ഞു വീണു. ലോക്ക് ഡൗൺ കാരണം ഉദ്യോഗസ്ഥർ ഇല്ലാതിരുന്നത് അപകടം ഒഴിവാക്കി. കെട്ടിടത്തിന്റെ സ്റ്റോർ സെക്ഷനിലെ മേൽക്കൂര പൂർണമായും തകർന്നു. ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തി മരം വെട്ടി മാറ്റി. വിഴിഞ്ഞം പ്രദേശത്തെ വീടുകളിൽ വെള്ളം കയറി. വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങി. ഓടകൾ അടഞ്ഞിരുന്നത് വെള്ളക്കെട്ട് രൂക്ഷമാക്കി. അഗ്നിരക്ഷാ സേനയെത്തി വെള്ളം പമ്പ് ചെയ്‌ത് കളയുകയായിരുന്നു. വേനലിലുണ്ടാകുന്ന ഒറ്റപ്പെട്ട മഴയാണ് ഇന്നലെ ലഭിച്ചതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് കേരളത്തിലും ലക്ഷദ്വീപിലും ഒറ്റപ്പട്ട സ്ഥലങ്ങളിൽ മഴയ്ക്ക് സാദ്ധ്യതയുണ്ട്. തെക്കൻ കേരളത്തിൽ ഇന്ന് രാവിലെയും കനത്ത മഴ പെയ്യുമെന്ന് കാലാസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്ക് ആൻഡമാൻ കടലിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീറ്റർ വേഗതയിൽ ഇടി മിന്നലോടു കൂടിയ ശക്തമായ കാറ്റിനു സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം. മഴ കനത്ത സാഹചര്യത്തിൽ അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തി. സമീപവാസികൾ ജാഗ്രത പാലിക്കണമെന്നു അധികൃതർ അറിയിച്ചിട്ടുണ്ട്.