തിരുവനന്തപുരം: അന്യസംസ്ഥാനങ്ങളിലെ മലയാളികൾക്ക് തിരികെ വരാനുള്ള പാസിന്റെ വിതരണം നിറുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 86,679 പേർ ഇതുവരെ പാസുകൾക്കായി രജിസ്റ്റർ ചെയ്തു. ഇതിൽ 37,801 പേർ റെഡ് സോൺ ജില്ലകളിൽ നിന്നുള്ളവരാണ്. രജിസ്റ്റർ ചെയ്തവരിൽ 45,814 പേർക്ക് പാസ് നൽകി. ഇതുവരെ 16,355 പേർ എത്തിച്ചേർന്നു. അതിൽ 8912 പേർ റെഡ്സോൺ ജില്ലകളിൽ നിന്നുള്ളവരാണ്. റെഡ്സോൺ ജില്ലകളിൽനിന്ന് വന്നവർ 14 ദിവസം സർക്കാർ ക്വാറന്റൈനിൽ കഴിയണം. ഒരുദിവസം കൊണ്ട് ഇങ്ങോട്ട് എത്തിച്ചേരാൻ കഴിയുന്നത്ര ആളുകൾക്കാണ് പാസ് നൽകുക. ഇപ്പോൾ ക്രമവത്കരിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. കൂടുതൽ പരിശോധനാ കൗണ്ടറുകൾ ആരംഭിക്കുന്നത് ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.